പ്രതികൾ വിനേഷിനെ പിന്തുടർന്നെത്തി ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ചതായി പൊലീസ് പറയുന്നു. തലച്ചോറിന് പരിക്കേറ്റ് വെൻ്റിലേറ്ററിൽ കഴിയുന്ന വിനേഷിൻ്റെ നില അതീവഗുരുതരമായി തുടരുകയാണ്.
പാലക്കാട്: പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻ മേഖല ഭാരവാഹി വിനേഷിനെ ആക്രമിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. പ്രതികൾ വിനേഷിനെ പിന്തുടർന്നെത്തി ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ചതായി പൊലീസ് പറയുന്നു. ആക്രമണം വ്യക്തി വിരോധം മൂലമെന്നും പ്രതികൾക്കെതിരെ സംഘടനാ തലത്തിൽ നടപടി സ്വീകരിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു. തലച്ചോറിന് പരിക്കേറ്റ് വെൻ്റിലേറ്ററിൽ കഴിയുന്ന വിനേഷിൻ്റെ നില അതീവഗുരുതരമായി തുടരുകയാണ്.
ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷിനെ വിമർശിച്ച് ഫേസ്ബുക്കിൽ വിനേഷ് കമന്റിട്ടതിൻ്റെ വൈരാഗ്യം മൂലമാണ് ആക്രമണമെന്നാണ് പ്രതികൾ മൊഴി നൽകിയത്. ബ്ലോക് സെക്രട്ടറിയുടെ നിർദേശ പ്രകാരമായിരുന്നു ആക്രമണം. സുഹൃത്തുക്കളുമായി വിനേഷ് വാണിയംകുളത്ത് എത്തിയതോടെ പ്രതികൾ സംഘമായി പിന്തുടർന്നു. വിനേഷിനെ ബാറിൽ നിന്നിറക്കി മർദ്ദിച്ചു. സുഹൃത്തുക്കൾക്കൊപ്പം രക്ഷപ്പെട്ട വിനേഷിനെ പനയൂരിലേക്ക് പിന്തുടർന്നെത്തി ആക്രമിച്ചു. ഭാരമുള്ള വസ്തു കൊണ്ട് തലയ്ക്കടിച്ചു. എന്നാൽ കൊലപ്പെടുത്താൻ ഉദേശിച്ചല്ല പേടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നാണ് പ്രതികളുടെ വാദം. അതേസമയം, ആദ്യ ദിവസം സംഭവത്തിൽ നിലപാട് വ്യക്തമാക്കാതിരുന്ന സിപിഎം നേതൃത്വം പ്രതികളെ തള്ളി രംഗത്തെത്തി. പ്രതികൾക്ക് സംരക്ഷണം നൽകില്ലെന്നും പാർട്ടി ആക്രമണത്തിന് ഇരയായ വിനേഷിനൊപ്പമാണെന്നും സിപിഎം വ്യക്തമാക്കി.
വിനേഷിൻ്റെ തലച്ചോറിനും തലയോട്ടിയ്ക്കും ഇടയിൽ അമിതമായ രക്തസ്രാവം ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുന്ന വിനേഷിൻ്റെ ജീവൻ രക്ഷപ്പെടുത്താനായാലും കോമയിൽ തുടരാനാണ് സാധ്യത. നിലവിൽ 4 പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. കൂടുതൽ പേർക്ക് പങ്കുണ്ടോയെന് പൊലീസ് പരിശോധിച്ചു വരികയാണ്.



