ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കവെയാണ് യുവതിയെ ട്രെയിനിടിച്ചത്. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയിലാണ് പഞ്ചായത്ത് മെമ്പറെയും ട്രെയിനിടിച്ചത്

കൊല്ലം: കൊല്ലം ആവണിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബന്ധുക്കള്‍ മരിച്ചു. യുവതിയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പറുമാണ് കൊല്ലപ്പെട്ടത്. കുന്നിക്കോട് സ്വദേശിനി സജീന, വിളക്കുടി രണ്ടാം വാർഡ് മെമ്പർ റഹീംകുട്ടി എന്നിവരാണ് മരിച്ചത് റെയിൽവേ ട്രാക്കിൽ നിന്ന് സജീന പ്ലാറ്റ്ഫോമില്‍ കയറാന്‍ ശ്രമിക്കവെയാണ് അപകടം. സജീനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് റഹീംകുട്ടി മരിച്ചത്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനകത്തുകൂടിയാണ് യുവതി പ്ലാറ്റ്ഫോമില്‍ എത്താന്‍ ശ്രമിച്ചത്. അതിനിടെ മറ്റൊരു ട്രെയിന്‍ എത്തുകയായിരുന്നു. സജീന തല്‍ക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ റഹീം ആശുപത്രിയിലാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കൊല്ലത്തേക്ക് പോകാനായി എത്തിയതാണ് റഹീം കുട്ടിയും സജീനയും. പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ അകത്തു കൂടി കയറിയിറങ്ങി റെയിൽവേ ട്രാക്ക് മുറിച്ചു കടക്കാൻ ഇരുവരും ശ്രമിച്ചു. ഇതിനിടയിലാണ് പുനലൂരിൽ നിന്നും കൊല്ലത്തേക്കുള്ള ട്രെയിൻ ആവണീശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. ഇതിന് ഇടയിൽ പെട്ട സജീന തൽക്ഷണം മരിച്ചു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റഹീം കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. കാൽപ്പാദം അറ്റുപോയ റഹീം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പൊലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹം നാളെ സംസ്കരിക്കും.

ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ 2 പേർക്ക് ദാരുണാന്ത്യം