പാമ്പിനെ കണ്ടപ്പോൾ ഓട്ടോ വെട്ടിച്ചതിനെ തുടർന്നാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതെന്ന് രാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡ്രൈവർ ഉൾപ്പെടെ ഓട്ടോയിലുണ്ടായിരുന്നത് എട്ട് പേരാണ്.

പത്തനംതിട്ട: പത്തനംതിട്ട തൂമ്പാക്കുളം കരിമാൻതോട് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തെക്കുറിച്ച് അപകടത്തിൽ പരിക്കേറ്റ രാജി അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട്. അപകടത്തിൽപെട്ട ഓട്ടോയിൽ രാജിയുമുണ്ടായിരുന്നു. പാമ്പിനെ കണ്ടപ്പോൾ ഓട്ടോ വെട്ടിച്ചതിനെ തുടർന്നാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതെന്ന് രാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡ്രൈവർ ഉൾപ്പെടെ ഓട്ടോയിലുണ്ടായിരുന്നത് എട്ട് പേരാണ്. രാജിയുടെ മകനും ഓട്ടോയിലുണ്ടായിരുന്നു. രാജി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദിലക്ഷ്മി (7), എൽകെജി വിദ്യാർത്ഥി യദു കൃഷ്ണൻ (4) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ വൈകിട്ട് വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയാണ് 50 അടി താഴ്ചയുള്ള തോട്ടിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ച ആദിലക്ഷ്മി ഉൾപ്പെടെ ഓട്ടോയിൽ ഉണ്ടായിരുന്ന കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യദുകൃഷ്ണനെ കണ്ടെത്തിയിരുന്നില്ല. 

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാത്രി വൈകി നടത്തിയ തിരച്ചിലാണ് പാറക്കെട്ടിന് ഇടയിൽനിന്ന് മൃതദേഹം കിട്ടിയത്. റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ ഓട്ടോ മറിഞ്ഞു എന്നാണ് ഡ്രൈവർ രാജേഷിന്റെ മൊഴി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കരുമാൻതോട് ശ്രീനാരായണ സ്‌കൂളിലെ ആറ് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റു നാല് കുട്ടികളും ഡ്രൈവറും ചികിത്സയിലാണ്

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്.