പത്തനംതിട്ടയിൽ പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റിനെയടക്കം എസ്‌പിയുമായുള്ള തർക്കത്തെ തുടർന്ന് സ്ഥലംമാറ്റി

പത്തനംതിട്ട: പത്തനംതിട്ടയിൽ ജില്ലാ പൊലീസ് മേധാവിയും പൊലീസ് അസോസിയേഷൻ പോര് രൂക്ഷം. പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പോക്സോ കേസ് അട്ടിമറി , കോയിപ്രം കസ്റ്റഡി മർദ്ദന കേസ് എന്നിവയിലെ പാളിച്ചകൾ മാധ്യമങ്ങൾക്ക് ചോർന്നതാണ് കാരണം.

അഡീഷണൽ എസ്പി ഓഫീസിൽ ജോലി ചെയ്തിരുന്ന പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് വിജയകാന്ത് ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. എ.ആർ. ക്യാമ്പിലേക്കുള്ള മാറ്റം ഭരണപരമായ സൗകര്യമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ എസ്പി – അസോസിയേഷൻ പോരാണ് സ്ഥലം മാറ്റത്തിന് പിന്നിലെ കാരണം. ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പോക്സോ കേസ് അട്ടിമറിച്ചതിൽ, ഉന്നത ഉദ്യോഗസ്ഥരടക്കം വകുപ്പുതല നടപടിയുടെ വക്കിൽ നിൽക്കുമ്പോഴാണ് സ്ഥലംമാറ്റം.

എസ്‌പി അടക്കം ഉദ്യോഗസ്ഥരുടെ വീഴ്ച മറച്ചുവെച്ച് തങ്ങളെ ബലിയാടാക്കിയെന്ന് ശിശു ക്ഷേമ സമിതി ചെയർമാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സുരേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും ഉന്നത ഉദ്യോഗസ്ഥർക്ക് അടക്കം വീഴ്ചപറ്റി. കോയിപ്രം സിഐയെ സസ്പെൻഡ് ചെയ്ത് മാറ്റിനിർത്തിയെങ്കിലും ഉത്തരവാദിത്തം മറ്റ് മേലുദ്യോഗസ്ഥർക്കുമുണ്ട്. ഡിഐജി തലത്തിൽ കൂടുതൽ നടപടി ഉടൻ വരുമെന്ന ആശങ്കയിലാണ് പലരും.

മാധ്യമ വാർത്തകളാണ് കള്ളക്കളികൾ വെളിച്ചത്തു വരാൻ കാരണമായത്. അഡീഷണൽ എസ്‌പി ഓഫീസിൽ നിന്ന് വിവരങ്ങൾ ചോർന്നെന്ന നിഗമനത്തിലാണ് ഡ്രൈവർ അടക്കം എല്ലാവരെയും സ്ഥലം മാറ്റിയത്. കോയിപ്രം കസ്റ്റഡി മർദ്ദനത്തിലെ വകുപ്പുതല അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പിലേക്ക് നൽകും മുൻപ് മന്ത്രി വി.എൻ. വാസവനെ അഡീഷണൽ എസ്‌പി കാണിച്ചുവെന്ന വിവരവും പുറത്തുവന്നിരുന്നു. സിപിഎമ്മിൽ ജില്ലയുടെ ചുമതലക്കാരനാണ് വി.എൻ വാസവൻ. ഇതെല്ലാം നടപടി വേഗത്തിലാകാൻ കാരണമായി. എന്തായാലും ഏറെക്കാലമായുള്ള പൊലീസ് അസോസിയേഷൻ - എസ്പി പോര് ജില്ലയിൽ കൂടുതൽ ശക്തമാകുകയാണ്.