കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണ് കേസ്

പാലക്കാട്: കാവിക്കൊടി ദേശീയപാതയാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തത്. 

ബിഎൻഎസ് 192 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണ് കേസ്. ജാമ്യം ലഭിക്കവുന്ന വകുപ്പാണ് ചുമത്തിയത്.

മന്ത്രി വി ശിവൻകുട്ടി, സോണിയാഗാന്ധി, രാഹുൽ ഗാന്ധി എന്നിവര്‍ക്കെതിരെ മോശം പരാമർശം നടത്തിയെന്നും രാഷ്ട്രീയപാർട്ടികളെ അപകീർത്തിപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. ഭാരതാംബ വിഷയത്തിൽ ബി ജെ പി നടത്തിയ പ്രതിഷേധ പുഷ്പാർച്ചനയ്ക്കുപിന്നാലെയായിരുന്നു ശിവരാജിന്‍റെ വിവാദ പ്രസ്താവന.