കാട് വെട്ടാന്‍ വന്ന ആളാണ് അസ്ഥികൂടം ആദ്യം കണ്ടത്. ഇതിന് സമീപത്ത് നിന്നും ഒരു ബാഗും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 4 മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് മടവൂര്‍ വെള്ളാരം കണ്ടിമലയിലെ ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കാട് വെട്ടുകയായിരുന്ന തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ തുടങ്ങി. അസ്ഥികൂടത്തിന്‍റെ സമീപത്ത് നിന്നും ബാഗും സോക്സും വാക്കത്തിയും കണ്ടെത്തി. സമീപത്തെ മരത്തില്‍ കയറ് കൊണ്ടുള്ള കുരുക്കുമുണ്ട്. അഞ്ച് മാസം മുമ്പ് നരിക്കുനിയില്‍ നിന്നും കാണാതായ തെങ്ങ് കയറ്റത്തൊഴിലാളിയുടെ മൃതദേഹ ഭാഗങ്ങളാണിതെന്ന സംശയത്തിലാണ് പൊലീസ്. അസ്ഥികൂടം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.


