കാല് പൊട്ടി കഴുത്തിന് പരിക്കേറ്റ് ഷിഫാന ഇപ്പോള്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കാസ‍ര്‍കോട് : കാറില്‍ പലതവണ വാഹനം കൊണ്ട് ഇടിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന യുവതിയുടെ പരാതിയില്‍ ഒടുവില്‍ നടപടി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പയ്യന്നൂർ സ്വദേശി ഷിഫാനയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയതിന് പിന്നാലെ പൊലീസ് സംഘം ആശുപത്രിയിലെത്തി മൊഴിയെടുത്തു. ചന്തേര പൊലീസ് സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. കാല് പൊട്ടി കഴുത്തിന് പരിക്കേറ്റ് ഷിഫാന ഇപ്പോള്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് എടച്ചാക്കൈ കൊക്കോകടവില്‍ വച്ച് പയ്യന്നൂര്‍ തായിനേരി സ്വദേശി റംഷാദും എടച്ചാക്കൈ സ്വദേശി സുറൂര്‍ റഹ്മാനും ഓടിച്ച കാറുകള്‍ തമ്മില്‍ ഇടിച്ചത്. റംഷാദിനൊപ്പം ഭാര്യ ഷിഫാനയും രണ്ട് ചെറിയ കുട്ടികളും കാറിലുണ്ടായിരുന്നു. കാറ് ഇടിച്ചതിനെ തുടര്‍ന്ന് ഹോക്കി സ്റ്റിക്കുമായി വന്ന് തന്‍റെ ഭര്‍ത്താവിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും തങ്ങളിരുന്ന കാറിലേക്ക് ഒന്നിലധികം തവണ ഇടിപ്പിച്ചുവെന്നും ഷിഫാന പറയുന്നു.

കാല് പൊട്ടി കഴുത്തിന് പരിക്കേറ്റ് ഇവരിപ്പോള്‍ ചികിത്സയിലാണ്. പരാതിപ്പെട്ടിട്ട് നാല് ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസ് ഫയല്‍ ചെയ്യാനോ മൊഴിയെടുക്കാനോ തയ്യാറായിരുന്നില്ലെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിലൂടെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ സുറൂര്‍ റഹ്മാനെ ആക്രമിച്ചെന്ന പരാതിയില്‍ ഷിഫാനയുടെ ഭര്‍ത്താവ് റംഷാദ്, പടന്ന സ്വദേശി ബാദുഷ എന്നിവര്‍ക്കെതിരെ പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാന്‍റ് ചെയ്യുകയും ചെയ്തു. '

YouTube video player