മാർഗ്ഗതടസ്സം സൃഷ്ടിച്ച തടി ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം.
പത്തനംതിട്ട: പെരുനാട്ടിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരന് (Police) നേരെ മർദ്ദനം. പെരുനാട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽ കുമാറിനാണ് പരിക്കറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെ പെരുനാട് മാമ്പാറയിലാണ് സംഭവമുണ്ടായത്. വടശേരിക്കരയിലെ വീട്ടിലേക്ക് പോകുകയായിരുന്ന അനിൽ കുമാർ റോഡ് ഗതാഗതം തടസപ്പെടുത്തി തടി കയറുന്നത് കണ്ടാണ് വാഹനം നിർത്തിയത്. വാഹനങ്ങൾക്ക് തടസമുണ്ടാക്കാതെ തടി കയറ്റണമെന്ന് അനിൽ കുമാര്‍ ആവശ്യപ്പെടു. ഇതിൽ പ്രകോപിതരായ മൂന്ന് പേരാണ് പൊലീസ് കാരനെ മർദിച്ചത്.
ആക്രമണത്തിൽ അനിൽ കുമാറിന്‍റെ തലയ്ക്കും മുഖത്തും പരിക്കേറ്റു. പൊലീസുകാരനെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു . അത്തിക്കയം സ്വദേശികളായ സച്ചിൻ, അലക്സ് എന്നിവരാണ് പിടിയിലായത്. കണ്ടാലറിയാവുന്ന ഒരാൾക്കായി തെരച്ചിൽ തുടരുന്നു. അക്രമണത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത് . കസ്‌റ്റഡിയിലെടുക്കാൻ എത്തിയ പെരുനാട് എസ്എച്ച് ഒയേയും പ്രതികൾ അക്രമിക്കാൻ ശ്രമിച്ചു. പൊലീസുകാരനെ ആക്രമിച്ചതിന് വധശ്രമവും ഡ്യൂട്ടിയിലുള്ള പൊലീസുകാരന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
