നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ ഗതാഗത നിരോധനം. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ഈ മാസം ഏഴ് വരെ തടഞ്ഞു

കണ്ണൂർ: കണ്ണൂരിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് പലടയിടത്തും റോഡ് തകർന്നതിനെ തുടർന്നാണ് ചുരം റോഡിൽ ഗതാഗതം നിരോധിച്ചത്. പലയിടത്തും മണ്ണിടിഞ്ഞിട്ടുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഗതാഗതത്തിന് ബദൽ മാർഗമായി കൊട്ടിയൂർ-പാൽചുരം റോഡ് ഉപയോഗിക്കണമെന്നാണ് നിർദേശം. മഴ ശക്തമാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ഈ മാസം ഏഴ് വരെ നിർത്തി വയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും. ഉരുൾപൊട്ടൽ നാശം വിതച്ച സ്ഥലങ്ങളിലേക്ക് അനാവശ്യ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകൾ കൂട്ടത്തോടെ ഈ മേഖലകളിൽ കാണാൻ എത്തുന്നത് ദുരന്ത നിവാരണ പ്രവർത്തനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. 

ഉരുൾപൊട്ടൽ സാധ്യത; കോട്ടയത്ത് കൂടുതൽ തടയണകൾ പൊളിക്കുമെന്ന് മന്ത്രി വാസവൻ

കോട്ടയത്ത് മലയോര മേഖലകളിലെ തടയണകൾ പൊളിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കോട്ടയത്ത് ഉരുൾപൊട്ടലിന് ഇടയാക്കിയത് ക്വാറികളുടെ പ്രവർത്തനമല്ലെന്ന് മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ പ്രളയത്തിന് ശേഷം ക്വാറികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് വി.എൻ.വാസവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നാല് ദിവസത്തെ മഴയിൽ സംസ്ഥാനത്ത് വ്യാപക കൃഷി നാശം, ബാധിക്കപ്പെട്ടത് 13,927 കർഷകർ
സംസ്ഥാനത്ത് നാല് ദിവസത്തെ മഴയിൽ 332 കോടിയുടെ കൃഷിനാശം ഉണ്ടായതായി പ്രാഥമിക വിവര റിപ്പോർട്ട്. 14 ജില്ലകളിലായി 1184 ഹെക്ടറിലെ കൃഷി നശിച്ചു. 13,927 കർഷകരെ ബാധിച്ചുവെന്നും കൃഷി വകുപ്പ് തയ്യാറാക്കായിയ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടുതൽ കൃഷി നാശമുണ്ടായത് കണ്ണൂരിലാണ്. 295.18 കോടി രൂപയുടെ നഷ്ടം കണ്ണൂരിലെ കാർഷിക മേഖലയിൽ ഉണ്ടായതായും പ്രാഥമിക റിപ്പോർട്ടിൽ കൃഷി വകുപ്പ് വിലയിരുത്തുന്നു. 1998 കർഷകരെ കണ്ണൂരിൽ മഴക്കെടുതി ബാധിച്ചു. കണ്ണൂർ കഴിഞ്ഞാൽ പാലക്കാടാണ് കൂടുതൽ കൃഷി നാശം ഉണ്ടായത്. നെല്ലറയിൽ 250.1 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. എന്നാൽ കൂടുതൽ കർഷകർ ബാധിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ്. 3158 പേർ.

സംസ്ഥാനത്ത് ആശ്വാസം; അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു, അണക്കെട്ടുകളിൽ ജാഗ്രത തുടരുന്നു

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. എല്ലാ ജില്ലകളിലെയും റെഡ് അലർട്ടുകൾ പൂർണമായി പിൻവലിച്ചു. 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.