കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം നൽകാത്തതിൽ മുസ്ലീം ലീഗിൽ പ്രതിഷേധം ശക്തമായി. മികച്ച വിജയം നേടിയിട്ടും കോഴിക്കോടിനെ തഴഞ്ഞുവെന്ന് ആരോപിച്ച് യൂത്ത് ലീഗ് പ്രകടനം നടത്തി. അതേസമയം, പി കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി എന്നിവരുൾപ്പെടെയുള്ള പുതിയ ലീഗ് മന്ത്രിമാരുടെ പട്ടികയ്ക്ക് തീരുമാനമായി.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിന്ന് ഒരാൾക്ക് പോലും മന്ത്രി സ്ഥാനം നൽകാത്തതിൽ കടുത്ത പ്രതിഷേധം ഉയരുന്നു. പാറക്കൽ അബ്‍ദുള്ളയ്ക്ക് മന്ത്രിപദവി നിഷേധിച്ചതിൽ യുത്ത് ലീഗ് പരസ്യ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. കുറ്റ്യാടി മണ്ഡലത്തിലെ പുറമേരിയിൽ ലീഗ് പ്രവർത്തകർ പ്രകടനം നടത്തി. മികച്ച നേട്ടം ഉണ്ടാക്കിയിട്ടും കോഴിക്കോടിനെ തഴഞ്ഞുവെന്നാണ് ആക്ഷേപം. ഒരു എംഎൽഎ മാത്രമുള്ള ജില്ലകൾക്കും മന്ത്രി സ്ഥാനം നൽകുന്നുണ്ട്. ഏഴിൽ ആറ് സീറ്റും ജയിച്ചിട്ടും ഒരു മന്ത്രി സ്ഥാനം പോലും നൽകാത്തതിലാണ് അമർശം. പണിയെടുക്കാൻ കോഴിക്കോടും കൂലി വാങ്ങാൻ മറ്റുള്ളവരും എന്നാണ് മുദ്രാവാക്യം ഉയർന്നിട്ടുള്ളത്.

അതേസമയം, കോഴിക്കോട്: സതീശന്‍ മന്ത്രിസഭയിലെ മുസ്ലീം ലീഗ് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായിട്ടുണ്ട്. വിമർശനം ശക്തമായതോടെ പി കെ ബഷീറിനെ ലീഗ് മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തി. പി കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, വി ഇ അബ്ദുൾ ഗഫൂർ എന്നിവർ ലീഗ് മന്ത്രിമാരാകും.
പി കെ കുഞ്ഞാലിക്കുട്ടി
മുതിർന്ന മുസ്ലീം ലീഗ് നേതാവായ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. വ്യവസായം, ഐടി തുടങ്ങി സുപ്രധാന വകുപ്പുകളായിരിക്കും കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യുക. പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗവുമായിട്ടുണ്ട്.
കെ എം ഷാജി
വേങ്ങരയിൽ നിന്നുള്ള എംഎൽഎയായ കെ എം ഷാജിയുടെ നിയമസഭയിലേക്കുള്ള മൂന്നാം വരവാണിത്. മുമ്പ് കണ്ണൂർ അഴീക്കോട് മണ്ഡലത്തിൽ നിന്നാണ് കെ എം ഷാജി രണ്ട് തവണ നിയമസഭയിലെത്തിയത്. യൂത്ത് ലീഗ് മുൻ അധ്യക്ഷനാണ്.
എൻ ഷംസുദ്ദീൻ
മണ്ണാർക്കാട് നിന്ന് നാലാം തവണയാണ് എൻ. ഷംസുദ്ദീൻ നിയമസഭയിലേക്ക് എത്തുന്നത്. ഇത് ആദ്യമായിട്ടാണ് എൻ ഷംസുദ്ദീൻ മന്ത്രിയാകുന്നത്.
പി കെ ബഷീർ
മുതിർന്ന മുസ്ലീം ലീഗ് നേതാവായ പി കെ ബഷീർ ഏറനാട് എംഎൽഎയാണ്. ഇത് നാലാം തവണയാണ് ഇദ്ദേഹം നിയമസഭയിലേക്ക് എത്തുന്നത്. ലീഗിന്റെ മുതിർന്ന നേതാവായിരുന്ന സീതി ഹാജിയുടെ മകനാണ് പി കെ ബഷീർ.
അബ്ദുൾ ഗഫൂർ
അബ്ദുൾ ഗഫൂർ കളമശ്ശേരിയിൽ നിന്ന് ആദ്യമായി എംഎൽഎയാവുകയാണ്. മന്ത്രിയായിരുന്ന പി രാജീവിനെ പരാജയപ്പെടുത്തി. മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ മകനാണ് അബ്ദുൾ ഗഫൂർ. എംഎസ്‍എഫിലൂടെയായിരുന്നു തുടക്കം. യൂത്ത് ലീഗിലൂടെ സജീവമായി. പഴയ ക്രിക്കറ്റ് താരം കൂടിയായിരുന്നു അബ്ദുൾ ഗഫൂർ.


