Asianet News MalayalamAsianet News Malayalam

'രാഷ്ട്രീയ താത്പര്യത്തിനപ്പുറം ജനക്ഷേമത്തിന് പ്രാധാന്യം നൽകുന്ന നേതാവ്'; ഉമ്മൻചാണ്ടിയെ വാഴ്ത്തി ശ്രീധരൻപിള്ള

കെ എൻ ആനന്ദകുമാർ രചിച്ച കുഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥയെന്ന പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. മന്ത്രി വി ശിവൻകുട്ടി, യുഡിഎഫ് കൺവീനർ എം എം ഹസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ps sreedharan pillai praises oommen chandy
Author
Thiruvananthapuram, First Published Jun 27, 2022, 11:00 PM IST

തിരുവനന്തപുരം: രാഷ്ട്രീയ താത്പര്യങ്ങൾക്ക് അപ്പുറം ജനക്ഷേമത്തിന് പ്രാധാന്യം നൽകുന്ന നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് ഗോവ ഗവർണർ  പി എസ് ശ്രീധരൻപിള്ള. കെ എൻ ആനന്ദകുമാർ രചിച്ച കുഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു കുഞ്ഞു കഥയെന്ന പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. മന്ത്രി വി ശിവൻകുട്ടി, യുഡിഎഫ് കൺവീനർ എം എം ഹസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് പറഞ്ഞിരുന്നു. കോട്ടയത്ത്, കോൺഗ്രസ് മുൻകൂട്ടി അറിയിച്ച് നടത്തിയ ജാഥയ്ക്ക് നേരെ സിപിഎം ആക്രമണം നടത്തിയിട്ട് പോലും കോൺഗ്രസുകാർക്കെതിരെയാണ് പൊലീസ് ആദ്യം കേസ് എടുത്തതെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ രാത്രി കയറിയ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല തകർത്തത് സിപിഎം പ്രവർത്തകരാണ്. വയനാട്ടിൽ എംപി ഓഫീസിലെ  ഗാന്ധി ചിത്രം കോൺഗ്രസുകാർ നശിപ്പിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

'ഇവർ ഗാന്ധി ശിഷ്യർ തന്നെയാണോ'? കോൺഗ്രസിനെതിരെ മുഖ്യമന്ത്രി 

രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിലെ ഗാന്ധി ചിത്രം തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ കുത്സിത ശ്രമത്തിന്റ ഭാഗമാണ് ഗാന്ധി ചിത്രം താഴെയിട്ടതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എം പി ഓഫീസിൽ നിന്നും എസ് എഫ് ഐ പ്രവർത്തകർ പോയ ശേഷം ഒരു ചാനൽ പകർത്തിയ ദൃശ്യത്തിൽ ഗാന്ധി ചിത്രം ചുമരിലുണ്ട്. അത് വാർത്തയായി വന്നിട്ടുമുണ്ട്. എസ്എഫ് ഐക്കാർ പോയതിന് ശേഷമുളള ദൃശ്യങ്ങളാണത്. അതിൽ ഗാന്ധി ചിത്രം ചുമരിലാണുള്ളത്.

രാഹുലിന്റെ ഓഫീസ് ആക്രമണം : കേരളത്തിൽ വാക്പോര്, ദില്ലിയിൽ സൗഹാർദ്ദ ചർച്ച

മാധ്യമ പ്രവർത്തകരിറങ്ങിയ ശേഷവും എസ്എഫ്ഐക്കാർ പോയ ശേഷവും കോൺഗ്രസുകാരാണ് അവിടെയുണ്ടായിരുന്നത്. ആരുടെ കുബുദ്ധിയിൽ നിന്നാണ് ഈ ആശയമുണ്ടായത്. ചുമരിലെ ചിത്രം ആരാണ് താഴെയെത്തിച്ചത്. ആരാണ് അങ്ങനെയൊരു കുബുദ്ധി കാണിച്ചത്. എസ് എഫ് ഐക്കാർ പോയ ശേഷമാണ് ഗാന്ധി ചിത്രം തകർത്തതെന്ന് വ്യക്തമാണ്. ഇവർ (കോൺഗ്രസുകാർ) ഗാന്ധി ശിഷ്യർ തന്നെയാണോയെന്ന് ചോദിച്ച മുഖ്യമന്ത്രി, ഗോഡ്സേ പ്രായോഗികമായി ചെയ്തത് ഇവർ പ്രതീകാത്മകമായി ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി. 

'പ്രതിപക്ഷത്തിന് അസഹിഷ്ണുത', സഭയിലുണ്ടായത് ഇതുവരെ നടക്കാത്ത കാര്യങ്ങള്‍: മുഖ്യമന്ത്രി

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചട്ടവിരുദ്ധമായി ബാനറും പ്ലക്കാര്‍ഡും പ്രതിപക്ഷം ഉയര്‍ത്തി. പ്രതിപക്ഷം നല്‍കിയ നോട്ടീസ് അവര്‍ തന്നെ തടസ്സപ്പെടുത്തി. അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. സര്‍ക്കാരിന്‍റെ മറുപടി തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : 'കടക്ക് പുറത്ത്' മറന്നുപോയോ? എണ്ണിയെണ്ണി പറഞ്ഞ് പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി കൂപമണ്ഡൂകം എന്നും സതീശൻ

പ്രതിപക്ഷനേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് എന്തിനെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞില്ല. നേരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന് ഈ നിലപാടെന്ന് മനസിലാകുന്നില്ല. ജനാധിപത്യപരമായ അവകാശം പ്രതിപക്ഷം വിനിയോഗിച്ചില്ല. പ്രതിപക്ഷത്തിന്‍റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്. കുറെ കാലമായി യുഡിഎഫ് സ്വീകരിക്കുന്ന ഹീനതന്ത്രത്തിന്‍റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios