യുഡിഎഫിൽ അസോസിയേറ്റ് അംഗത്വമെന്ന ഉപാധി അംഗീകരിക്കില്ലെന്നും പൂർണ അംഗത്വം വേണമെന്നും പിവി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സമ്മർദ്ദത്തിലാക്കി വീണ്ടും പിവി അൻവർ. യുഡിഎഫ് നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് നീക്കം. സ്ഥാനാർത്ഥിയെ അംഗീകരിച്ചാൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം അൻവർ തള്ളുന്നു. അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയിൽ പൂർണ അംഗത്വം വേണമെന്നുമാണ് നിലപാട്. അതേസമയം തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കാൻ എഐസിസിയുടെ അനുമതി വേണമെന്നാണ് ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് എടുത്ത നിലപാട്. നേരിട്ട് അംഗത്വം ഇപ്പോൾ സാധ്യമല്ലെന്ന് കോൺഗ്രസ് നേതാക്കൾ യോഗത്തെ അറിയിച്ചു.

ഇന്ന് ഓൺലൈനായാണ് യുഡിഎഫ് നേതാക്കളുടെ യോഗം നടന്നത്. യോഗശേഷം മാധ്യമങ്ങളോട് പ്രതികരിച്ച മുന്നണി കൺവീനർ തൃണമൂൽ കോൺഗ്രസിനെ നേരിട്ട് മുന്നണിയിലെടുക്കാനുള്ള പ്രയാസം അറിയിച്ചു. ഇക്കാര്യം അൻവറുമായി നടത്തിയ ചർച്ചയിലും വ്യക്തമാക്കിയെന്നാണ് അടൂർ പ്രകാശ് പറ‌ഞ്ഞത്. അൻവറുമായി ഫോണിൽ സംസാരിച്ചാണ് അടൂർ പ്രകാശ് മുന്നണി തീരുമാനം അറിയിച്ചത്. പശ്ചിമ ബംഗാളിൽ അധികാരത്തിലുള്ള തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, രാജ്യത്ത് പ്രതിപക്ഷ ചേരിയായ ഇന്ത്യ സഖ്യവുമായി ബന്ധപ്പെട്ടടക്കം എടുക്കുന്ന നിലപാടാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് മുന്നിലെ പ്രതിസന്ധി.

അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ മുന്നണി സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കാനും സ്ഥാനാർത്ഥിക്കെതിരായി നടത്തിയ എല്ലാ വിമർശനങ്ങളും പിൻവലിക്കാനും അടൂർ പ്രകാശ് ആവശ്യപ്പെട്ടിരുന്നു. ഈ നിലപാട് പിവി അൻവർ അംഗീകരിച്ച് വാർത്താ സമ്മേളനത്തിൽ പരസ്യമായി ആര്യാടൻ ഷൗക്കത്തിനെ പിന്തുണക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നാളെ രാവിലെ വാർത്താസമ്മേളനം നടത്തുമ്പോൾ പിവി അൻവർ എന്ത് നിലപാട് എടുക്കുമെന്ന് അറിയാം.

അതേസമയം പാർട്ടിയിൽ അൻവറിനൊപ്പമുള്ള മറ്റ് നേതാക്കൾ നിലമ്പൂർ തെരഞ്ഞെടുപ്പിൽ പിവി അൻവർ സ്ഥാനാർത്ഥിയാകണമെന്നാണ് തീരുമാനിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അൻവറിൻ്റേതാണ്. അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവർ മത്സരിക്കാനാണ് തീരുമാനമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയാനും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പിവി അൻവർ കൂടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സര രംഗത്തേക്ക് വരുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

YouTube video player