നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജയരാജനും വിശ്വ കർമ്മ ഐക്യ വേദിയും അൻവറിനെ പിന്തുണച്ച് രംഗത്ത്
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാന ഘട്ടത്തിലെത്തിയ നിലമ്പൂരിൽ പിവി അൻവറിന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ സമാജ് ദൾ സ്ഥാനാർഥി എൻ ജയരാജൻ. വിശ്വ കർമ്മ ഐക്യ വേദി ചെയർമാൻ കെകെ ചന്ദ്രനും പിവി അൻവറിന് പിന്തുണ പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയുന്ന പിവി അൻവർ, ഷൗക്കത്ത് തോൽക്കുമെന്നും സ്വരാജിന് 35000 വോട്ടേ കിട്ടൂവെന്നും പറഞ്ഞു.
സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജയരാജൻ്റെ ഇപ്പോഴത്തെ പിന്മാറ്റത്തിന് സാധുതയില്ലെങ്കിലും അവസാന നിമിഷം അദ്ദേഹം അൻവറിനൊപ്പം നിലപാടെടുക്കുകയായിരുന്നു. അതിനിടെ വിശ്വ കർമ്മ സഭയല്ല, തങ്ങളാണ് യഥാർത്ഥ വിശ്വ കർമ സമുദായ സംഘടനയെന്ന് വ്യക്തമാക്കിയാണ് വിശ്വ കർമ്മ ഐക്യ വേദി ചെയർമാൻ കെകെ ചന്ദ്രൻ, പിവി അൻവറിന് പിന്തുണ പ്രഖ്യാപിച്ചത്. കലാശക്കൊട്ട് എടക്കരയിലും, നിലമ്പൂരിലുമായി തിരിച്ചത് തനിക്കെതിരായ തീരുമാനമെന്ന് പറഞ്ഞ അൻവർ, ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനാണ് കലാശക്കൊട്ടിൽ നിന്ന് പിന്മാറിയതെന്നും പറഞ്ഞു.
നിലമ്പൂരിലെ യഥാർത്ഥ കലാശകൊട്ട് 19 ന് നടക്കുമെന്ന് പിവി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രവർത്തകർ വോട്ട് ഉറപ്പിക്കുകയാണ്. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ കൂടെ ആണ് കലാശക്കോട്ട് ഒഴിവാക്കിയത്. എൽഡിഎഫ് വോട്ടർമാർക്ക് പണം നൽകുന്നുണ്ട്. എൽഡിഎഫും യുഡിഎഫും കിറ്റുകൾ വിതരണം ചെയ്യുന്നു. സ്വരാജ് തോറ്റാൽ മുഖ്യമന്ത്രി രാജിവെക്കുമോ? തന്നെ ഷൗക്കത്ത് വിരോധിയാക്കി ചിത്രീകരിക്കാൻ യുഡിഎഫിലെ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുന്നു. കോൺഗ്രസ് നേതാവ് വി എ കരീം 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റത് ആര്യാടൻ മുഹമ്മദ് കാലുവാരിയത് കൊണ്ടാണ്. നിലമ്പൂരിൽ കാലുവാരൽ ആരംഭിച്ചത് ആര്യാടൻ മുഹമ്മദാണ്. ആര്യാടൻ ഷൗക്കത്തിനെ ഡിസിസി പ്രസിഡന്റ് ആക്കാൻ വേണ്ടിയാണ് തോൽപ്പിച്ചത്. ഷൗക്കത്ത് വിവി പ്രകാശിന്റെ വീട്ടിൽ പോക്കാത്തത് എന്ത് കൊണ്ടാണെന്നും അൻവർ ചോദിച്ചു.
പ്രകാശിന്റെ ഒരു ഫോട്ടോ പോലും യുഡിഎഫ് പ്രചാരണത്തിന് ഉപയോഗിച്ചില്ലെന്ന് അൻവർ കുറ്റപ്പെടുത്തി. എപി അനിൽകുമാറിനെ ഭീഷണിപെടുത്തിയാണ് ഷൗക്കത്ത് സ്ഥാനാർഥിയായത്. എപി അനിൽകുമാർ ഷൗക്കത്തിനെതിരെ പ്രവർത്തിക്കുന്നു. പാണക്കാട് സാദിഖലി തങ്ങളുടെ ആവശ്യം പോലും വിഡി സതീശൻ ധിക്കരിച്ചു. എം സ്വരാജിന് 35000 വോട്ടിൽ കൂടുതൽ കിട്ടില്ല. മലയോര മേഖലയിൽ നിന്നും താമസം മാറിയവനാണ് സ്വരാജ്. തനിക്ക് 75000 വോട്ട് ലഭിക്കും. സിപിഎമ്മിൽ നിന്ന് 35-40 ശതമാനം വോട്ടും കോൺഗ്രസിൽ നിന്ന് 25 ശതമാനം വോട്ടും കിട്ടും. താൻ പിടിക്കുന്ന വോട്ടും യുഡിഎഫ് പിടിക്കുന്ന വോട്ടും പിണറായി വിരുദ്ധ വോട്ടാണ്. നിലമ്പൂരിൽ തോൽക്കുന്നത് യുഡിഎഫോ കോൺഗ്രസോ അല്ല, ഷൗക്കത്താണെന്നും അദ്ദേഹം പറഞ്ഞു.


