നിലവിലെ സാഹചര്യങ്ങള്‍ ലീഗിനെ ബോധ്യപ്പെടുത്തിയെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി പ്രവേശനത്തില്‍ കോണ്‍ഗ്രസ് തീരുമാനം പറയട്ടെയെന്നും പി വി അന്‍വര്‍.

മലപ്പുറം: മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി പി വി അന്‍വര്‍. നിലവിലെ സാഹചര്യങ്ങള്‍ ലീഗിനെ ബോധ്യപ്പെടുത്തിയെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലമ്പൂരില്‍ താന്‍ മത്സരിക്കുമോ എന്നതില്‍ ഇപ്പോള്‍ തീരുമാനം പറയുന്നില്ല. തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്‍റെ മുന്നണി പ്രവേശനത്തില്‍ കോണ്‍ഗ്രസ് തീരുമാനം പറയട്ടെയെന്നും പി വി അന്‍വര്‍ പ്രതികരിച്ചു. 

യുഡിഎഫ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉടൻ വേണമെന്നാണ് പിവി അൻവർ ആവശ്യപ്പെട്ടുന്നത്. പ്രഖ്യാപനം നടത്തിയില്ലെങ്കിൽ നിലമ്പൂരില്‍ മത്സരിക്കേണ്ടി വരുമെന്നുമെന്ന് കുഞ്ഞാലിക്കുട്ടിയെ അറിയിച്ചെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് യുക്തമായ തീരുമാനം എടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. മത്സരിക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും ലീഗ് നേതൃത്വം അൻവറിനെ അറിയിച്ചു എന്നാണ് വിവരം.

യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ ഉടക്കിലാണ് പി വി അൻവർ. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ വിജയ സാധ്യതയുള്ള സീറ്റിലാണ് അൻവറിന്റെ കണ്ണ്. കോൺഗ്രസുമായി സംസാരിക്കണമെന്ന് ലീഗ് നേതാക്കളോട് അൻവർ ആവശ്യപ്പെട്ടു. പരിഗണിക്കാമെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ നിലപാട്. പി വി അൻവർ യുഡിഎഫിന്റെ ഭാഗമാവുമെന്ന് കെ സുധാകരനും പ്രതകരിച്ചു. മുന്നണിക്കുള്ളിൽ അൻവർ ഉണ്ടാകുമെന്ന് കാര്യത്തിൽ സംശയം വേണ്ടെന്നും അൻവറിന്റെ താൽപര്യങ്ങൾ പരമാവധി സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു. എന്നാല്‍, അൻവറിനെ ഉൾക്കൊള്ളുന്നതിൽ കോൺഗ്രസിൽ ഭിന്നത തുടരുകയാണ്.

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ വിജയ സാധ്യതയുള്ള ഒരു സീറ്റും അനുയായികള്‍ക്ക് മത്സരിക്കാന്‍ രണ്ട് സീറ്റും വേണമെന്നാണ് അന്‍വറിന്‍റെ ആവശ്യം. എന്നാല്‍ അന്‍വറിന്‍റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. ആരാണ് മുഖ്യ ശത്രുവെന്ന് അൻവർ വ്യക്തമാക്കണം എന്നാണ് കോൺഗ്രസിന്‍റെ നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം