ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ കോൺഗ്രസിൽ നിൽക്കുന്നതെന്തിനെന്ന് കെ സുരേന്ദ്രൻ, മറുപടിയുമായി ചെന്നിത്തല
കെ മുരളീധനെ ബി ജെ പിയിലേക്ക് ക്ഷണിക്കുന്ന നിലയിലെ കെ സുരേന്ദ്രന്‍റെ പ്രസ്താവനക്ക് മറുപടിയുമായാണ് ചെന്നിത്തല രംഗത്തെത്തിയത്
കോഴിക്കോട്: കോൺഗ്രസ് നേതാവ് കെ മുരളീധനെ ബി ജെ പിയിലേക്ക് ക്ഷണിക്കുന്ന നിലയിലെ കെ സുരേന്ദ്രന്‍റെ പ്രസ്താവനക്ക് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത്. കെ മുരളീധരൻ ഒരിക്കലും ബി ജെ പിയിൽ പോകില്ല എന്ന് ഉറപ്പുണ്ടെന്നാണ് ചെന്നിത്തല പറഞ്ഞത്. നേരത്തെ ആട്ടും തുപ്പും സഹിച്ച് കെ മുരളീധരൻ എന്തിനാണ് കോൺഗ്രസിൽ നിൽക്കുന്നതെന്ന് ചോദ്യമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ചത്. മുരളീധരനോട് സഹതാപം മാത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.
അതേസമയം പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചും രമേശ് ചെന്നിത്തല നിലപാട് പറഞ്ഞു. പാലക്കാട്ടെ പോരാട്ടം ഇടതുപക്ഷവുമായിട്ടാണെന്നും ബി ജെ പി ചിത്രത്തിലില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇ ശ്രീധരൻ പാലക്കാട് നിന്നിട്ട് വിജയിച്ചില്ലെന്ന് ചൂണ്ടികാട്ടിയ മുൻ പ്രതിപക്ഷ നേതാവ്, ബി ജെ പിയിലെ മറ്റൊരു സ്ഥാനാർത്ഥിക്കും അവിടെ പ്രസക്തിയില്ലെന്നും കൂട്ടിച്ചേർത്തു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന ആത്മവിശ്വാസവും ചെന്നിത്തല പ്രകടിപ്പിച്ചു. സ്ഥാനാർഥി നിർണയം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ പാർട്ടി ഫോറത്തിലാണ് പറയേണ്ടതെന്നും അല്ലാതെ വാർത്താ സമ്മേളനം വിളിച്ചു ചേർത്തല്ല ഉന്നയിക്കേണ്ടതെന്നും അദ്ദേഹം വിവരിച്ചു. ഹൈക്കമാൻഡ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷം അതിനെതിരെ പ്രസ്താവനകൾ നടത്തുന്നത് അച്ചടക്കവിരുദ്ധമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും തർക്കങ്ങൾ പരിഹരിച്ചെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും സമവായമായ സീറ്റുകളിൽ ഇന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയിൽ ചർച്ച നടക്കുമെന്നും അദ്ദേഹം വിവരിച്ചു. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിലേറുമെന്നും സഖ്യത്തിൽ തർക്കങ്ങളൊന്നുമില്ലെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം