ഐഎൻടിയുസിയെ ഇളക്കിവിടാൻ 'അത്ര ചീപ്പല്ല ഞാൻ' എന്നാണ് ചെന്നിത്തല പറഞ്ഞത്. പ്രശ്നം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. പദവിക്ക് പിന്നാലെ പോകുന്നയാളല്ല താൻ. പാർട്ടി പ്രവർത്തനത്തിന് പദവി നിർബന്ധമില്ല. 

ദില്ലി: എ ഐ സി സി (AICC) പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് കോൺ​ഗ്രസ് (Congress) അധ്യക്ഷ സോണിയാ ഗാന്ധിയോട് (Sonia Gandhi) രമേശ് ചെന്നിത്തല (Ramesh Chennithala) ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വം തന്നെ ഒറ്റപ്പെടുത്തുന്നു. തീരുമാനങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നു. പാർട്ടിയിൽ താൻ അപമാനിതനാണെന്നും ചെന്നിത്തല സോണിയയോട് പരാതി പറഞ്ഞതായാണ് വിവരം. 

സോണിയാ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ തൃപ്തനാണെന്നും അവിടെ പറഞ്ഞത് മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. പിന്നാലെയാണ് കൂടിക്കാഴ്ചയുടെ സൂചനകൾ പുറത്തുവന്നിരിക്കുന്നത്. 

"അത്ര ചീപ്പല്ല ഞാൻ"

ഐ എൻ ടി യു സി തർക്കത്തിൽ കടുത്ത ഭാഷയിലാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിച്ചത്. ഐഎൻടിയുസിയെ ഇളക്കിവിടാൻ 'അത്ര ചീപ്പല്ല ഞാൻ' എന്നാണ് ചെന്നിത്തല പറഞ്ഞത്. പ്രശ്നം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. പദവിക്ക് പിന്നാലെ പോകുന്നയാളല്ല താൻ. പാർട്ടി പ്രവർത്തനത്തിന് പദവി നിർബന്ധമില്ല. ജനങ്ങളാണ് തൻ്റെ ശക്തിയെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

എഐസിസി പുന:സംഘടന നടക്കാനിരിക്കേയാണ് സോണിയാ ​ഗാന്ധിയുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ ഗ്രൂപ്പുകള്‍ ഉന്നയിച്ച പരാതികളില്‍ ചെന്നിത്തല തന്‍റെ ഭാഗം ന്യായീകരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ നേതൃത്വത്തിലെ തമ്മിലടിയും പുന:സംഘടന മുടങ്ങിയതും ചെന്നിത്തല ആയുധമാക്കിയേക്കും. കെ സി വേണുഗോപാലിന്‍റെ അനാവശ്യ ഇടപെടലുകളെ കുറിച്ചും പരാതിപ്പെട്ടേക്കുമെന്നും വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

ഐഎൻടിയുസി കലാപത്തിനും മാണി സി കാപ്പൻ്റെ പ്രതിഷേധത്തിനും പിന്നിൽ ചെന്നിത്തലയാണെന്ന പരാതി സതീശൻ വിഭാഗം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്‍റിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ചെന്നിത്തല സാമൂഹ്യ മാധ്യമങ്ങൾ വഴി അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡൻ്റ് നെയ്യാറ്റിൻകര സനലും ഹൈക്കമാന്‍റിനെ സമീപിച്ചിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആസൂത്രിത ആക്രമണം നടന്നെന്നും ചെന്നിത്തലയ്ക്ക് എതിരെ നടപടി വേണമെന്നും സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ നെയ്യാറ്റിൻകര സനൽ ആവശ്യപ്പെട്ടു. ചെന്നിത്തല അണികൾക്ക് നിർദ്ദേശം നൽകുന്ന ശബ്ദ സന്ദേശം പുറത്ത് വന്നതും പരാതിയിലുണ്ട്. ചെന്നിത്തലയ്ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനും പരാതി നല്‍കിയിരുന്നു. കെസിക്കെതിരെ പോസ്റ്റിടാൻ നിർദ്ദേശം നൽകുന്ന ശബ്ദം ചെന്നിത്തലയുടേതാണ് എന്ന പ്രചാരണം കോൺഗ്രസ് സൈബർ സ്പേസിൽ ശക്തമായി മാറിയിരുന്നു.

ആ ശബ്ദം രമേശ് ചെന്നിത്തലയുടേതല്ലെന്നും ഫേക്കാണെന്നുമാണ് ചെന്നിത്തല അനുകൂലികളുടെ വിശദീകരണം. എന്നാൽ കെസി വേണു​ഗോപാലിനും തനിക്കുമെതിരായി നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ ചെന്നിത്തല ബ്രിഗേഡിനെ വിഡി സതീശൻ സംശയിക്കുന്നുണ്ട്. നേരിട്ട് പോസ്റ്റിട്ടാൽ പോലും ഹാക്ക് ചെയ്തെന്ന വാദം നിരത്തി രക്ഷപ്പെടാമെന്നുള്ളതിനാൽ മുതിർന്ന നേതാക്കളും സൈബറിടത്തെ ഒളിപ്പോരിൽ പിന്നിലല്ല.