പണം നൽകണമെന്ന് ആവശ്യപ്പെട്ട് സംഘാടകർക്ക് ന​ഗരസഭ സെക്രട്ടറി പരാതി നൽകിയിരിക്കുകയാണ്.

പാലക്കാട്: പാലക്കാട് നടന്ന വേടന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 1,75 552 രൂപയുടെ നഷ്ടമെന്ന് ന​ഗരസഭ. പണം നൽകണമെന്ന് ആവശ്യപ്പെട്ട് സംഘാടകർക്ക് ന​ഗരസഭ സെക്രട്ടറി പരാതി നൽകിയിരിക്കുകയാണ്. പട്ടികജാതി വികസന വകുപ്പായിരുന്നു പരിപാടിയുടെ സംഘാടകർ. കോട്ട മൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും നശിപ്പിച്ചതായാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിലും പരാതി നൽകിയിട്ടുണ്ട്. 

കോട്ടമൈതാനത്തെ വേടന്റെ പരിപാടിയിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കിളിമാനൂരിലെ പരിപാടിയും റ​ദ്ദാക്കിയിരുന്നു. ഈ മാസം 9ന് കിളിമാനൂരിൽ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് ഉണ്ടായിരുന്ന റാപ്പർ വേടന്റെ പരിപാടി റദ്ദ് ചെയ്തിരുന്നു. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദ് ചെയ്തത്. സ്റ്റേജ് നിർമ്മിച്ചത് വയലിലായിരുന്നു. കൂടാതെ പരിപാടി കാണാൻ വൻ ജനക്കൂട്ടവും എത്തിയിരുന്നു.

പൊലീസിന് റോഡിലെയും പരിപാടി നടന്ന വയലിലെയും തിരക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല. ആളുകൾ തിങ്ങി എത്തിയതോടെ പരിപാടിയിൽ എത്തിയ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. അതിനിടെ, വിവാ​ദങ്ങൾ തൻ്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്നും എല്ലാവർക്കും പേടി ആയ പോലെയാണ് തോന്നുന്നതെന്നും വേടൻ പ്രതികരിച്ചിരുന്നു. ഈ സമയം കടന്നു പോകും. ജാതി ഭീകരത എന്നത് കോമഡിയാണെന്നും വേടൻ പ്രതികരിച്ചിരുന്നു. 

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News | Live Breaking News