റീലുകളിൽ കനത്ത പോരാട്ടം തന്നെ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ നടന്നു. എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയി വന്നതോടെ സോഷ്യൽ മീഡിയയിൽ തരംഗമായത് സിപിഎം തന്നെയായിരുന്നു
റീലോ റിയലോ... നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടപ്പോൾ വലിയ ചര്‍ച്ചയായി മാറിയ ഒരു കാര്യം ഇതായിരുന്നു. റീലുകളിൽ കനത്ത പോരാട്ടം തന്നെ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ നടന്നു. എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയി വന്നതോടെ സോഷ്യൽ മീഡിയയിൽ തരംഗമായത് സിപിഎം തന്നെയായിരുന്നു. പാര്‍ട്ടിയിലെ ഏറ്റവും പ്രബലനായ യുവ മുഖം സിപിഎം ചിഹ്നത്തിൽ മത്സരിക്കാൻ എത്തിയതോടെ സൈബര്‍ അണികൾക്ക് ഊര്‍ജം കൂടി.
സര്‍ക്കാരിന്‍റെ നേട്ടങ്ങൾ റീലുകളാക്കി എത്തിച്ചും സ്വരാജിന്‍റെ പഴയ പ്രസംഗങ്ങളും നിലപാടുകളും വ്യക്തമാക്കി കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും നിറഞ്ഞു. നിരവധി സാംസ്കാരിക പ്രവര്‍ത്തകരുടെ പിന്തുണ കൂടി സ്വരാജിന് ലഭിച്ചതോടെ അതും എല്‍ഡിഎഫ് സൈബറിടങ്ങൾ ആയുധമാക്കി. നിലമ്പൂരിലെ വികസന നേട്ടങ്ങളുടെ റീലുകൾ മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേജില്‍ നിറഞ്ഞു.
മറുവശത്ത് ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ, പി കെ ഫിറോസ് എന്നിവരടങ്ങുന്ന യുവ ടീം ആയിരുന്നു യുഡിഎഫിന്‍റെ റീൽ മുഖങ്ങൾ. ചാണ്ടി ഉമ്മന്‍റെ വീടുകയറിയുള്ള പ്രചാരണം റീൽ വർക്കോ റിയൽ വർക്കോ എന്നതിൽ കോൺഗ്രസിൽ വലിയ അഭിപ്രായ ഭിന്നതയുണ്ടായി. റിയൽ വര്‍ക്ക് എന്ന് കുറിച്ച് കൊണ്ടാണ് മാത്യൂ കുഴൽനാടൻ എംഎല്‍എ ചാണ്ടി ഉമ്മനനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
പിന്നാലെ ഉമ്മൻചാണ്ടിയുടെ വഴിയേ തന്നെ ചാണ്ടി ഉമ്മനും എന്ന് പ്രശംസിച്ച് കല്‍പ്പറ്റ എംഎൽഎ ടി സിദ്ദിഖിന്‍റെ പോസ്റ്റും വന്നു. എം ലിജുവും പിന്നാലെ ചാണ്ടി ഉമ്മനെ അഭിനന്ദിച്ച് എത്തി. മൂവായിരം വീട് കയറിയുള്ള ചാണ്ടി ഉമ്മന്‍റെ ഇലക്ഷൻ വര്‍ക്കാണ് ഇവരെല്ലാം ഉയര്‍ത്തിക്കാട്ടിയത്. സോഷ്യൽ മീഡിയയിലും ടെലിവിഷൻ സ്ക്രീനിലും ഷോ കാണിക്കുന്നവര്‍ക്ക് മാത്രം പാര്‍ട്ടിയിൽ പരിഗണന കിട്ടുന്നു എന്ന പരാതി പുകയുന്നതിനിടെയാണ് ഈ പോസ്റ്റുകളെല്ലാം വന്നുവെന്നുള്ളതും ചേര്‍ത്ത് വായിക്കപ്പെട്ടു.
പാലക്കാടിന് പിന്നാലെ നിലമ്പൂരിലുണ്ടായ പെട്ടി വിവാദവും ഇതിനിടെയിൽ വലിയ ചര്‍ച്ചയായി മാറി. നിലമ്പൂരിന്‍റെ തെരഞ്ഞെടുപ്പ് മാമാങ്കം കൊടിയിറങ്ങമ്പോഴും ആ ചോദ്യം ബാക്കിയാണ്... ജനങ്ങളെ കൂടുതൽ ചേര്‍ത്ത് നിർത്തുക റീലോ റിയലോ..?


