ക്ലാസ് മുറികളുടെ ബലക്ഷയത്തെ തുടര്‍ന്ന് സ്കൂളിന് അംഗീകാരം നഷ്ടപ്പെട്ടതോടെ പഠിക്കാന്‍ മാര്‍ഗമില്ലാതെ പെരുവഴിയിലായി ആലപ്പുഴ കറ്റാനത്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ
ആലപ്പുഴ: ക്ലാസ് മുറികളുടെ ബലക്ഷയത്തെ തുടര്‍ന്ന് സ്കൂളിന് അംഗീകാരം നഷ്ടപ്പെട്ടതോടെ പഠിക്കാന്‍ മാര്‍ഗമില്ലാതെ പെരുവഴിയിലായി ആലപ്പുഴ കറ്റാനത്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ. കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് എല്‍പി സ്കൂളിലെ ഒന്ന്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പഠനം മുടങ്ങുമെന്ന ആശങ്കയിലായിരിക്കുന്നത്. സ്കൂള്‍ മാനേജ്മെന്‍റ് ബദല്‍ ക്രമീകരണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന പരാതി രക്ഷിതാക്കള്‍ക്കുമുണ്ട്. 100 വര്‍ഷത്തെ പൈതൃകമുളള സ്കൂളാണ് കറ്റാനത്തെ സെന്‍റ് സ്റ്റീഫന്‍സ് എല്‍പി സ്കൂള്‍. കറ്റാനത്തെ ഓര്‍ത്തഡോക്സ് വലിയ പളളിക്ക് കീഴിലുളള മാനേജ്മെന്‍റാണ് കഴിഞ്ഞ 15 വര്‍ഷമായി സ്കൂള്‍ നടത്തുന്നത്. ഈ അധ്യായന വര്‍ഷം തുടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ക്ലാസ് മുറികളുടെ ബലക്ഷയം ചൂണ്ടിക്കാണ്ടി സ്കൂളിന്‍റെ അംഗീകാരം വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്.
പളളിയുടെ ഉടമസ്ഥതയിലുളള താല്‍ക്കാലിക കെട്ടിടത്തിലേക്ക് സ്കൂളിന്‍റെ പ്രവര്‍ത്തനം മാറ്റിയെങ്കിലും രണ്ട്, നാല് ക്ലാസുകള്‍ മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഒന്നാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാര്‍ഥികള്‍ മറ്റ് സ്കൂളുകളിലേക്ക് മാറണമെന്നും ഇനി പഠിപ്പിക്കാന്‍ കഴിയില്ലെന്നുമുളള നിലപാടിലാണ് സ്കൂള്‍ മാനേജ്മെന്‍റ്. ഇതോടെയാണ് സാധാരണ ചുറ്റുപാടില്‍ നിന്നു വരുന്ന വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയിലായത്.


