തിരുവനന്തപുരം ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽ നിന്ന് സ്വർണം കവർന്ന കേസിൽ ആറ് പേർ പിടിയിലായി. ബിസിനസ് വൈരാഗ്യം കാരണം അടുത്ത സുഹൃത്തായ അമോലാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഈ കവർച്ച ആസൂത്രണം ചെയ്തത്. പ്രതിയുടെ വാട്സാപ്പ് ഡിപിയാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.
തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽനിന്ന് സ്വർണം കവർന്നതിന് പിന്നിൽ ബിസിനസ് വൈരാഗ്യമെന്ന് പൊലീസ്. നന്ദകുമാറിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമോലാണ് കവർച്ചയുടെ മുഖ്യ ആസൂത്രകനെന്നാണ് കണ്ടെത്തൽ. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് നടത്തിയ കവർച്ചയിൽ രണ്ട് ജ്വല്ലറി ഉടമകൾ അടക്കം ആറ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കിന്റെ ചിത്രം പ്രതികളിലൊരാളായ ഷാഡോ അനിയുടെ വാട്സാപ്പ് ഡിപിയിൽ കണ്ടതാണ് നിർണ്ണായകമായത്.
ബിസിനസ് വളർച്ചയിലെ വൈരം കാരണം സുഹൃത്തിന്റെ ചതിയാണ് ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിലെന്നാണ് കണ്ടെത്തൽ. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമോലിന്റെ നേതൃത്വത്തിലായിരുന്നു ഗൂഢാലോചന. കായംകുളത്തെ ഒരു വ്യാപാരിക്ക് വലിയ അളവിൽ സ്വർണം വിൽക്കാൻ നന്ദകുമാർ പദ്ധതിയിടുന്ന വിവരം പ്രതികൾക്ക് ലഭിച്ചിരുന്നു.
അമോലും നന്ദകുമാറും മാഹാരാഷ്ട്രയിൽ നിന്നും വർഷങ്ങള്‍ക്കു മുമ്പ കേരളത്തിലെത്തി സ്വർണ ബിസിനസ്സ് തുടങ്ങിയവരാണ്. അമോലിന്റെ വീടിനുടത്തുള്ള കെട്ടിടത്തിലെ ചെറിയ കടമുറയിലാണ് നന്ദകുമാർ സ്വർണ കച്ചവടം ചെയ്തിരുന്നത്. എന്നാൽ നന്ദകുമാറിന്റെ പെട്ടെന്നുള്ള വളർച്ച സുഹൃത്തിനെ അസ്വസ്ഥനാക്കി. കൂടുതൽ വില നൽകി നന്ദകുമാർ ചെറിയ ജ്വല്ലറികളിൽ നിന്ന് പഴയ സ്വർണം വാങ്ങി പുതുക്കി വിൽപ്പന നടത്തിയിരുന്നു. വൻകിട ഇടപാടുകാർക്ക് കടത്തിന് സ്വർണം നൽകിയോടെ കൂടുതൽ പേർ നന്ദകുമാറിനെ തേടിയെത്തി. ഇത് അമോലിനെ മാത്രമല്ല മററ് പലരെയും ശത്രുക്കളാക്കി.
സ്വർണ കവർച്ച കേസിൽ മുമ്പും പങ്കാളയായിട്ടുള്ള ദിലീപുമായി അമോൽ ആലോചന നടത്തി. ചാല സ്വദേശികളായ അനുപ് രാജ്, ശ്രാവൺ, ലഹരിക്കേസിലെ പ്രതി ഷാഡോ അനി എന്ന അനിൽപ്രസാദ് എന്നിവരെയും ഗൂഡാലോചനയിൽ പങ്കാളികളാക്കി. കഴിഞ്ഞ വെളളിയാഴ്ച രാത്രി സ്വർണം അടങ്ങിയ ബാഗുമായി നന്ദകുമാർ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ബൈക്കിലെത്തിയ സംഘം സ്വർണം കവർന്ന ശേഷം പാപ്പനേംകോട് എത്തി. അനൂപ് രാജിന്റെ കാറിൽ കയറി എല്ലാവരും തമിഴ്നാട് - ബംഗളൂരു ഗുണ്ടൽപേട്ട വഴി വയനാട്ടിലെത്തി. വയനാട്ടിൽ വെച്ചാണ് പൊലീസ് സംഘത്തെ പിടികൂടുന്നത്.
അമോലിനെയും ദിലീപിനെയും ഫോർട്ട് പൊലിസ് തിരുവനന്തപുരത്ത് പിടികൂടി. മോഷ്ടക്കൾ ഉപോയഗിച്ച ബൈക്കിന്റെ നമ്പർ പരിശോധിച്ചപ്പോഴാണ് ഷാഡോ അനിയിലേക്ക് ആദ്യമെത്തിയത്. അനിയുടെ വാട്സ് ആപ്പ് ഡിപിയും ഇതേ ബൈക്കായിരുന്നു. ഫോർട്ട് എസ്എച്ച്ഒ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്നപ്പോഴാണ് പ്രതികള്‍ മുത്തങ്ങ വഴി വയനാട്ടിലെത്തിയത്. സിറ്റി പൊലീസ് കമ്മീഷണർ അരുണ്‍ ബി കൃഷ്ണയുടെ നേതൃത്വത്തിൽ ഷാഡോ സംഘങ്ങള്‍ ഉള്‍പ്പെടെ പൊലിസ് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മാളവിക ജ്വല്ലറി ഉടമ ജയറാമിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.














