പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ആവശ്യപ്പെട്ടു.
കോട്ടയം: ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെക്കണമെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കം പറഞ്ഞത് സിംഗിൾ ബെഞ്ച് പിണറായി വിജയനെ കേട്ടില്ല എന്നാണ്. ഇപ്പോൾ ഹൈക്കോടതി പിണറായിയെയും റിയാസിനെയും വീണയെയും കേട്ടിട്ടാണ് വിധി പറഞ്ഞത്. കഴിഞ്ഞ 40 ദിവസമായി കോടതിയിലും പുറത്തും പിണറായി വിജയനെ സംരക്ഷിക്കാൻ ശ്രമിച്ചു. പിണറായി വിജയൻ കൈക്കൂലിക്കാരൻ ആണെന്നും അഴിമതിക്കാരനാണെന്നും പ്രചരണം നടത്തി 102 സീറ്റ് യുഡിഎഫ് നേടി. ആ രീതിയിൽ വിധി നൽകിയ പൊതുജനത്തെ യുഡിഎഫ് കബളിപ്പിക്കുകയാണെന്നും ഷോൺ ജോർജ് പറഞ്ഞു.
യുഡിഎഫ് ഒരു എസ്ഐടി രൂപീകരിച്ചു. എന്നിട്ടും പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല. എസ്ഐടി എവിടെയെങ്കിലും ഒരു റെയ്ഡ് പോലും നടത്തിയില്ല. കോടതിയിൽ അപ്പീൽ വന്നപ്പോൾ പിണറായി വിജയനെ സഹായിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ പിണറായി വിജയനുവേണ്ടി ഹാജരായത് പോലെയാണ് കോടതിയിൽ വാദിച്ചത്. സഖാവ് വി എസ് ജീവിച്ചിരുന്നെങ്കിൽ പിണറായിയുടെ രാജി ചോദിച്ചു വാങ്ങുമായിരുന്നു. ഇപ്പോൾ സിപിഎമ്മിൽ രാജ്യാവശ്യപ്പെടാനുള്ള നേതാക്കളില്ല. സിപിഎം ഇത് പിണറായി ലിമിറ്റഡ് കമ്പനിയായി മാറി. സിപിഎം രാജി ചോദിക്കേണ്ട തയ്യാറായില്ലെങ്കിൽ സിപിഐ അടക്കമുള്ള മറ്റുള്ളവർ രാജി ചോദിക്കണം. രാഹുൽഗാന്ധി അടക്കം പിണറായിയെ സംരക്ഷിക്കാൻ നോക്കുകയാണെന്നും ഇവിടെ പിണറായി എതിർത്താൽ ദില്ലിയിലെ സമരം പൊളിഞ്ഞു പോകുമോ എന്ന് ഭയമാണെന്നും ഷോൺ ജോർജ് പറഞ്ഞു.


