സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കൊല്ലം: തേവലക്കരയിൽ വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസും ആർഎസ്പിയും ബിജെപിയും. പ്രധാനാധ്യാപികയുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. സ്കൂൾ അധികൃതർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ആവശ്യം. സ്കൂൾ ഭരിക്കുന്നത് സിപിഎം ഭരണസമിതിയാണെന്ന് ബിജെപി പറയുന്നു. നിലവിൽ പ്രതിഷേധം കനക്കുകയാണ്. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

മാനേജ്മെൻ്റിന് അനാസ്ഥയുണ്ട്. വൈദ്യുതി ലൈൻ പോവുന്നതായി നിരന്തരം നാട്ടുകാർ പറഞ്ഞിരുന്നെങ്കിലും കാര്യമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ സംഘടനകൾ സമരവുമായി എത്തിയത്. സ്കൂൾ ​ഗേറ്റ് തുറക്കാനെത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. നിലവിൽ സ്കൂൾ കോംപൗണ്ടിലേക്ക് പ്രതിഷേധം കടന്നിരിക്കുകയാണ്. സ്കൂളിന് പുറത്തും പ്രതിഷേധിക്കുന്നുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെൻ്റ് മറുപടി പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇവർക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാർ‌ ആവശ്യപ്പെടുന്നു. നാട്ടുകാരും പ്രതിഷേധത്തിൽ പങ്കുചേർന്നിട്ടുണ്ട്. 

അതിനിടെ, കൊല്ലം തേവലക്കരയിലെ അപകടത്തിൽ സ്കൂൾ സുരക്ഷാ ഗൈഡ്ലൈൻ പാലിച്ചതിൽ ഗുരുതര വീഴ്ചയുണ്ടെന്ന് തെളിഞ്ഞു. അപകടകരമായ കമ്പികളോ വയറുകളോ ഉണ്ടാകരുതെന്ന നിർദ്ദേശം സ്കൂളിൽ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇത്തവണത്തെ മൺസൂൺ മീറ്റിങ്ങിലും ഈ മാനദണ്ഡങ്ങൾ ചർച്ച ചെയ്തിരുന്നു. എന്നിട്ടും ശ്രദ്ധിക്കാതിരുന്നതാണ് കുട്ടിയുടെ മരണത്തിലേക്ക് വഴിവെച്ചത്. 

അതേസമയം, അപകടത്തിലെ ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടം സംഭവിച്ച സമയത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മിഥുൻ കെട്ടിടത്തിന് മുകളിലേക്ക് കയറുന്നത് ദൃശ്യങ്ങളിൽ കാണാം. തെന്നിവീഴാൻ പോകുന്ന സമയത്ത് മിഥുൻ വൈദ്യുത കമ്പിയിൽ പിടിക്കുന്നു. തുടർന്നാണ് ഷോക്കേൽക്കുന്നത്. കെട്ടിടത്തിന് മുകളിൽ കയറിയ ചെരിപ്പെടുക്കാൻ കയറിയതായിരുന്നു മിഥുൻ.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് സൈക്കിൾ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നി‍ര്‍മ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണു. ഇത് എടുക്കാനായി കയറിയതായിരുന്നു മിഥുൻ. കാൽ തെന്നിപ്പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തേവലക്കരയിലെ അപകടമരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി റിപ്പോര്‍ട്ട് തേടി. 

YouTube video player