Asianet News MalayalamAsianet News Malayalam

സ്വര്‍ണക്കടത്തിൽ പങ്കുണ്ടെന്ന് ആക്ഷേപം; മറുപടി പറയാൻ ശ്രീരാമകൃഷ്ണന്‍റെ വാര്‍ത്താസമ്മേളനം 2 മണിക്ക്

നിയമസഭാ സമുച്ഛയത്തിലെ മീഡിയാ റൂമിൽ സ്പീക്കര്‍ രണ്ട് മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് അറിയിപ്പ് 

Speaker P Sriramakrishnan  will meet media
Author
Trivandrum, First Published Dec 10, 2020, 12:21 PM IST

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായുള്ള ബന്ധം അടക്കം പ്രതിപക്ഷവും ബിജെപിയും ആരോപണങ്ങൾ കടുപ്പിക്കുന്ന സാഹചര്യത്തിൽ സ്പീക്കറുടെ വിശദീകരണം അൽപ്പസമയത്തിനകം. നിയമസഭാ സമുച്ഛയത്തിലെ മീഡിയാ റൂമിൽ സ്പീക്കര്‍ രണ്ട് മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് അറിയിപ്പ് . കടുത്ത ആക്ഷേപങ്ങളാണ് സ്പീക്കര്‍ ശ്രീരാമകൃഷണനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് മറുപടി പറയാൻ സ്പീക്കര്‍ നേരിട്ട് എത്തുന്നത്. 

സ്പീക്കറുമായും സ്പീക്കറുടെ ഓഫീസുമായും ബന്ധപ്പെടുത്തി കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്ന് കഴിഞ്ഞ ദിവസം തന്നെ സ്പീക്കര്‍ വാര്‍ത്താകുറിപ്പിൽ വിശദീകരിച്ചിരുന്നു. 

തുടര്‍ന്ന് വായിക്കാം: സ്വർണക്കടത്തിൽ ഉൾപ്പെട്ട ഉന്നതനെന്ന ആരോപണം തള്ളി സ്പീക്കറുടെ ഓഫീസ്. 

സ്വര്‍ണക്കടത്തിലെ ഉന്നതൻ ആരെന്ന ആക്ഷേപത്തിന് പുറമെ നിയമസഭയിൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ നടത്തിയ ധൂര്‍ത്തും അഴിമതിയും ഞെട്ടിക്കുന്നതാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്തെത്തിയിരുന്നു. വിവരാവകാശ രേഖകൾ ഉദ്ധരിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിശദീകരണം. 

തുടര്‍ന്ന് വായിക്കാം:  വ്യാപക ധൂർത്തും അഴിമതിയും; സ്പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല...  

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്പീക്കര്‍ക്കെതിരായ ആരോപണങ്ങൾ ഏറ്റുപിടിച്ച് രംഗത്തെത്തി. 

തുടര്‍ന്ന് വായിക്കാം: സ്പീക്കർ സ്വർണക്കടത്തുകാരെ സംരക്ഷിച്ചു; ഗുരുതര ആരോപണം ആവര്‍ത്തിച്ച് കെ സുരേന്ദ്രൻ...

എന്നാൽ മന്ത്രിമാരായ എകെ ബാലനും കടകംപള്ളി സുരേന്ദ്രനും അടക്കമുള്ളവര്‍ സ്പീക്കര്ക്കെതിരായ ആക്ഷേപങ്ങൾ തള്ളി പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പത്തു വോട്ടുകിട്ടാൻ സ്വീകരിച്ച നെറികേടെന്നായിരുന്നു പ്രതിപക്ഷത്തിനും ബിജെപിക്കും എതിരെ എകെ ബാലന്‍റെ പ്രതികരണം. ഇത്തരം പ്രചാരണം നടത്തിയവരെ ജനം കാർക്കിച്ചു തുപ്പുമെന്നും എകെ ബാലൻ പറഞ്ഞു 

Follow Us:
Download App:
  • android
  • ios