Asianet News MalayalamAsianet News Malayalam

സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ, ചോദ്യം ചെയ്യുന്നു, മുദ്രാവാക്യം വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍

പൊലീസ് സ്റ്റേഷന് മുന്നില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് മുദ്രാവാക്യംവിളികളുമായി പ്രതിഷേധിച്ചത്

Suresh Gopi Nadakav at police station, padayatra  blocked by police, BJP activists shouting slogans
Author
First Published Nov 15, 2023, 12:03 PM IST

കോഴിക്കോട്: കോഴിക്കോട്: കോഴിക്കോട്ടെ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇന്ന് 11.50ഓടെയാണ് സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ തുടരുകയാണ്. നേരത്തെ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരുന്നു. സുരേഷ് ഗോപിക്കെതിരായ നടപടി പൊലീസ് വേട്ടയാടലാണെന്നാരോപിച്ച് നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് നടക്കാവില്‍ പ്രതിഷേധവുമായി എത്തിയത്. 'വേട്ടയാടാന്‍ അനുവദിക്കില്ല, കോഴിക്കോട് എസ് ജിക്കൊപ്പം' എന്നെഴുതിയ പ്ലക്കാര്‍ഡുകളും കൈയിലേന്തിയാണ് പ്രവര്‍ത്തകരെത്തിയത്. സുരേഷ് ഗോപി നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് മുന്നില്‍നിന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കൊപ്പം പദയാത്രയായി നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, പദയാത്രക്ക് സുരേഷ് ഗോപി എത്തിയില്ല. രാവിലെ പത്തോടെ തന്നെ പ്രവര്‍ത്തകര്‍ ഇവിടെയെത്തി. 


സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നതിനായി സിറ്റി പൊലീസ് കമ്മീഷണര്‍ രാവിലെ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇതിനുപിന്നാലെ 11ഓടെ നടക്കാവ് സ്റ്റേഷനിലേക്ക് പദയാത്ര ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്ലക്കാര്‍ഡുകളുമേന്തി പദയാത്ര നടത്തിയത്. ഇംഗ്ലീഷ് പള്ളി മുതല്‍ നടക്കാവ് സ്റ്റേഷന്‍ വരെ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പൊലീസ് സ്റ്റേഷന് മുന്നില്‍ ബാരിക്കേഡ് കൊണ്ട് സുരക്ഷയൊരുക്കിയിരുന്നു. പദയാത്ര നടക്കാവ് സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു. ഇത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. ഇതിനുശേഷമാണ് സുരേഷ് ഗോപി വാഹനത്തില്‍ സ്റ്റേഷന് മുന്നിലെത്തിയത്. സുരേഷ് ഗോപിയെത്തിയപ്പോഴും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികള്‍ തുടര്‍ന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തശേഷം നേതാക്കള്‍ക്കൊപ്പം സുരേഷ് ഗോപി സ്റ്റേഷനുള്ളിലേക്ക് പോവുകയായിരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സുരേഷ് ഗോപി ഇടപെട്ടതിനെതിരെയുള്ള രാഷ്ട്രീയ വേട്ടയാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപിക്ക് എതിരായ കേസ് നിയമപരമായി ജനങ്ങളെ അണി നിരത്തി നേരിടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രതിഷേധത്തെതുടര്‍ന്ന് കണ്ണൂര്‍ റോഡില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നത്. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ 15ന് ഹാജരാകുമെന്ന് സുരേഷ് ഗോപി അറിയിക്കുകയായിരുന്നു.


മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്

ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ ചുമലിൽ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു.മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലിൽ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചിൽ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്. തുടര്‍ന്ന് ഒക്ടോബര്‍ 28ന് രാവിലെ മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവർത്തക പരാതിയിൽ ആരോപിച്ചത്. പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.തുടര്‍ന്നാണ് സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.


'കോഴിക്കോട്ടെ പോലീസ് ചെയ്യുന്നതിനെല്ലാം കണക്കുപുസ്തകമുണ്ട്,സുരേഷ് ഗോപിക്കെതിരായി പ്രവർത്തിച്ചാൽ ജനം നേരിടും'

 

Follow Us:
Download App:
  • android
  • ios