ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയെന്ന് പത്മജ വേണുഗോപാൽ. ഇതിൽ പ്രതികരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
ആലപ്പുഴ: ബിജെപിയിൽ നിന്ന് പത്മജ വേണുഗോപാൽ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും മറുപടി പറയേണ്ടയാൾ താനല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നത്. ഷുക്കൂർ വധക്കേസിൽ പി ജയരാജനെ ഉൾപ്പടെ വെറുതെ വിട്ടത് സങ്കടകരമായ കാര്യമാണ്. പ്രതികൾക്ക് കുടുംബത്തിന്റെ ശാപം ഏൽക്കാതിരിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിജെപി വിട്ട് പത്മജ വേണുഗോപാൽ
മുൻ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബിജെപി വിട്ടു. ബിജെപിയിൽ പോയത് തെറ്റായിപ്പോയെന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുന്നുവെന്നും പത്മജ വേണുഗോപാൽ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് രാജിക്കാര്യം പത്മജ വെളിപ്പെടുത്തിയിരിക്കുന്നത്. ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെ എടുത്തു ചാടിയെന്നും പത്മജ പറഞ്ഞു. തീരുമാനം ആദ്യം അറിയിച്ചത് കെ മുരളീധരനെയാണ്. പദവി കിട്ടാത്തതിനാലല്ല രാജിയെന്നും പത്മജ പറഞ്ഞു. ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല. താനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു.














