കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കാസർകോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ മയക്കുമരുന്ന് കേസ് റിമാൻഡ് പ്രതി ആലമ്പാടി സ്വദേശി അമീർ അലി (23) ആണ് വിലങ്ങുമായി രക്ഷപ്പെട്ടത്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കാസർകോട്ടേക്ക് കൊണ്ടുപോയ റിമാന്റ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. എഎസ് ഐ സജീവൻ, സിപിഒമാരായ ജസീർ, അരുൺ എന്നിവരെയാണ് ഡി ഐ ജി രാഹുൽ ആർ നായർ സസ്പെന്റ് ചെയ്തത്. 

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കാസർകോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ മയക്കുമരുന്ന് കേസ് റിമാൻഡ് പ്രതി ആലമ്പാടി സ്വദേശി അമീർ അലി (23) ആണ് വിലങ്ങുമായി രക്ഷപ്പെട്ടത്. കാസർകോട് വച്ച് പൊലീസുകാരെ തള്ളിമാറ്റിയാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. മെയ് 12ന് ബദിയടുക്കയിൽ വച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ കടത്തുകയായിരുന്ന എട്ട് ഗ്രാം എംഡിഎംഎ യും രണ്ട് കൈത്തോക്കുകളുമായാണ് അമീർ അലി പിടിയിലാകുന്നത്. ഇന്ന് രാവിലെ കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മൂന്ന് പൊലീസുകാരുടെ സുരക്ഷയിൽ എത്തിക്കുമ്പോഴാണ് ഇയാൾ ഓടിയത്. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.