ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍ ഇതാ...
തിരുവനന്തപുരം: സജി ചെറിയാൻ രണ്ടാം പിണറായി സർക്കാരിൽ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നുള്ളതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വിദേശകാര്യ മന്ത്രി എസ് ജയ്‍ശങ്കര്‍ ഉന്നയിച്ചിരിക്കുന്നത്. ഭീകരതയുടെ കേന്ദ്രമാണ് പാകിസ്ഥാൻ. മുംബൈ ആക്രമണത്തിന് പിറകിൽ പാകിസ്ഥാനാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഒപ്പം കോൺഗ്രസ് പുന:സംഘടന വൈകുന്നതിൽ കെ മുരളീധരന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതും ഇന്നത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്നാണ്. ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍ ഇതാ...
സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്
സജി ചെറിയാൻ രണ്ടാം പിണറായി സർക്കാരിൽ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഇതൊരു അസാധാരണ സാഹചര്യമാണ്. തന്റെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ആത്യന്തികമായി മുഖ്യമന്ത്രിയുടെ ശുപാർശ താൻ അംഗീകരിച്ചു. സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നും ഗവർണർ അറിയിച്ചു.
സജി ചെറിയാന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കും
സജി ചെറിയന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശൻ. സജി ചെറിയാൻ രാജിവെച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഭരണഘടനയെ അവഹേളിച്ചു. വീണ്ടും മന്ത്രിയാവുന്നതിൽ ധാർമികമായ പ്രശ്നമുണ്ട്. ഇതിന്റെ യുക്തി എന്താണ്. സജി ചെറിയാൻ വീണ്ടും മന്ത്രിയാകാൻ എന്ത് മാറ്റമുണ്ടായെന്ന് മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കണമെന്ന് വിഡി സതീശൻ പറഞ്ഞു.
പാകിസ്ഥാൻ ഭീകരതയുടെ കേന്ദ്രമെന്ന് എസ് ജയ്‍ശങ്കര്‍
പാകിസ്ഥാനെ കടന്നാക്രമിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതയുടെ കേന്ദ്രമാണ് പാകിസ്ഥാൻ. മുംബൈ ആക്രമണത്തിന് പിറകിൽ പാകിസ്ഥാനാണ്. പാർലമെന്‍റ് ആക്രമണം നടത്തിയത് പാകിസ്ഥാനാണ്. യൂറോപ്യൻ രാജ്യങ്ങൾ പാകിസ്ഥാൻ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ അപലപിക്കുന്നില്ലെന്നും ജയ്ശങ്കർ പറഞ്ഞു.
സംസ്ഥാനത്ത് വ്യാപകമായ ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് നിർദ്ദേശം
സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങള്‍ക്ക് ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുഹമ്മദ് മുബാറക് പ്രധാന ആയുധ പരിശീലകനെന്ന് എൻഐഎ
പിഎഫ്ഐ കേസിൽ അറസ്റ്റിലായ മുഹമ്മദ് മുബാറക്കിനെ അഞ്ചുദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. മുഹമ്മദ് മുബാറക് പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എന്ന് എൻഐഎ കോടതിയിൽ പറഞ്ഞു. ആയോധന കലാ പരിശീലന സ്ഥാപനം നടത്തുന്നുണ്ടെന്നും പിഎഫ്ഐ ബന്ധമില്ലെന്നും പ്രതിഭാഗം വാദിച്ചു.
പുന:സംഘടന വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി കെ മുരളീധരൻ
കോൺഗ്രസ് പുന:സംഘടന വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി കെ.മുരളീധരൻ. തിരുവനന്തപുരത്ത് നടന്ന കെ.കരുണാകരൻ അനുസ്മരണ ചടങ്ങിലാണ് പുനസംഘടന വൈകിപ്പിക്കുന്ന പാർട്ടി നേതൃത്വത്തിനോടുള്ള പരിഭവം മുരളി പരസ്യമാക്കിയത്.
ദില്ലിയിൽ കൊല്ലപ്പെട്ട യുവതി അപകടത്തിന് മുൻപ് സുഹൃത്തുമായി വഴക്കിട്ടു
ഓടുന്ന കാർ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം മരിച്ച യുവതി അപകടത്തിന് മുൻപ് സുഹൃത്തുമായി വഴക്കിട്ടുവെന്ന് വെളിപ്പെടുത്തൽ. ഹോട്ടൽ മാനേജരുടേതാണ് മൊഴി. പുതുവത്സരാഘോഷത്തിനായി ഹോട്ടലിലെത്തിയതായിരുന്നു യുവതി. സുഹൃത്തിനൊപ്പമാണ് വന്നത്. ഹോട്ടലിൽ വെച്ച് ഇവർ വഴക്കിട്ടു. ഹോട്ടൽ അധികൃതർ ഇരുവരെയും പുറത്താക്കി. ശേഷം സ്കൂട്ടറിൽ കയറി യുവതികൾ പോവുകയായിരുന്നു. എന്നാൽ വഴിയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽപ്പെടുകയായിരുന്നു.
'മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തകരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ട'
മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ടെന്ന് സുപ്രീം കോടതി. നിലവിലുള്ള ഭരണഘടനപരമായ നിയന്ത്രണങ്ങൾ മതിയാകുമെന്നും കോടതി ഉത്തരവിട്ടു. ഭൂരിപക്ഷ വിധിക്കൊപ്പം ജസ്റ്റിസ് ബി വി നാഗരത്‌ന പ്രത്യേക വിധിയെഴുതി. വിദ്വേഷപ്രസംഗങ്ങൾക്കെതിരെ പാർലമെന്‍റ് നിയമനിർമ്മാണം നടത്തണമെന്ന് വ്യക്തമാക്കി.
രോഹന് സെഞ്ചുറി, വിക്കറ്റ് നേടാനാവാതെ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍
രഞ്ജി ട്രോഫിയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തില്‍ കേരളം മികച്ച സ്‌കോറിലേക്ക്. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ രോഹന്‍ പ്രേമിന്റെ (പുറത്താവാതെ 112) ഇന്നിംഗ്സാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 14 ഓവറുകള്‍ എറിഞ്ഞെങ്കിലും ഗോവയ്ക്ക് വേണ്ടി കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.
സൗരവ് ഗാംഗുലി ഐപിഎല്ലില്‍ തിരിച്ചെത്തുന്നു
മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം ഐപിഎല്ലില്‍ തിരിച്ചെത്തുന്നു. 2019വരെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഉപദേശകനായിരുന്ന ഗാംഗുലി ഇത്തവണ കുറച്ചു കൂടി വലിയ ഉത്തരവാദിത്തത്തോടെയാണ് തിരിച്ചെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
