നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസവിധിയാണ് ഇന്നത്തെ മറ്റൊരു പ്രധാന വാര്‍ത്ത.  ഓൺലൈൻ ഗെയിമിങ് നയത്തിന്‍റെ കരട് കേന്ദ്രം പുറത്തിറക്കിയതും, 'നല്ല സമയം'  ചിത്രം തിയറ്ററിൽ നിന്നും പിൻവലിച്ചതുമടക്കം ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍ അറിയാം.

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായുള്ള മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും കേരള രാഷ്ട്രീയത്തില്‍ തന്‍റെ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനൊരുങ്ങുകയാണ് ശശി തരൂര്‍. ലീഗുമായും മതപുരോഹിതന്മാരുമായുമുള്ള കൂടിക്കാഴ്ചയും പുതിയ കൂട്ടുകെട്ടുകളുമായി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നതാണ് ഇന്ന് കേരളത്തിലെ പ്രധാന വാര്‍ത്തകളിലൊന്ന്. ഇതിനിടെ അകല്‍ച്ചയെല്ലാം മാറ്റി തരൂര്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ഡെല്‍ഹി നായരെന്ന തന്‍റെ പഴയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച സുകുമാരന്‍ നായര്‍ തരൂര്‍ വിശ്വ പൌരനാണെന്നും പറഞ്ഞു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസവിധിയാണ് ഇന്നത്തെ മറ്റൊരു പ്രധാന വാര്‍ത്ത. ഓൺലൈൻ ഗെയിമിങ് നയത്തിന്‍റെ കരട് കേന്ദ്രം പുറത്തിറക്കിയതും, 'നല്ല സമയം' എന്ന ചിത്രത്തിന്‍റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തിന് പിന്നാലെ ചിത്രം തിയറ്ററിൽ നിന്നും പിൻവലിച്ചതുമടക്കം ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍ അറിയാം.

1.'ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ', ഒളിയമ്പെയ്ത് തരൂര്‍, ഡെല്‍ഹി നായര്‍ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് സുകുമാരന്‍ നായര്‍'

എന്‍ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത് രാഷ്ട്രീയ ഒളിയമ്പുമായി ശശി തരൂര്‍. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് 80 വർഷങ്ങൾക്ക് മുൻപാണ് പറഞ്ഞത്. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ താൻ അത് അനുഭവിക്കുന്നുണ്ട് - തരൂര്‍ 146ാമത് മന്നം ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ വ്യക്തമാക്കി.

അതേസമയം ശശി തരൂരിനെ തെരഞ്ഞെടുപ്പ് വേളയില്‍ ഡല്‍ഹി നായരെന്ന് വിളിച്ചത് തെറ്റായിപ്പോയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അന്ന് സംഭവിച്ച തെറ്റ് തിരുത്താന്‍ വേണ്ടിയാണ് അദ്ദേഹത്തെ ഉദ്ഘാടകനായി ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. തരൂർ കേരളത്തിന്‍റെ വിശ്വപൗരനാണ്. മറ്റാരെയും എനിക്ക് ആ സ്ഥാനത്ത് കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2. മന്നം ജയന്തിക്ക് പിന്നാലെ മാരാമൺ കൺവൻഷനിലേക്കും തരൂരിന് ക്ഷണം

എൻഎസ്എസിന്‍റെ ക്ഷണം സ്വീകരിച്ച് മന്നം ജയന്തി പരിപാടിയിലെത്തിയതിന് പിന്നാലെ ശശിതരൂർ മാർത്തോമ സഭയുടെ വേദിയിലേക്കും എത്തുന്നു. മാരാമൺ കൺവൻഷനിലും ശശി തരൂർ പങ്കെടുക്കും. ഫെബ്രുവരി 18 ന് നടക്കുന്ന യുവവേദിയിലാണ് തരൂർ സംസാരിക്കുക. മാർത്തോമ സഭ യുവജന സഖ്യത്തിന്‍റെ ആവശ്യപ്രകാരമാണ് ശശി തരൂർ കൺവൻഷനിൽ പങ്കെടുക്കാൻ എത്തുന്നത്. സഭയുടെ ഏറ്റവും ശ്രേഷ്ഠമായ വേദിയെന്ന് വിശേഷിപ്പിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് ശശി തരൂ‍ർ എത്തുന്നതോടെ കൂടുതൽ സാമുദായിക സംഘടനകളുമായി ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യം.

3. ഓണ്‍ലൈന്‍ ഗെയിമിങ്: 'സ്ത്രീസുരക്ഷ ഉറപ്പാക്കും, വാതുവയ്പ് അനുവദിക്കില്ല', കരട് പുറത്തിറക്കി കേന്ദ്രം

ഓൺലൈൻ ഗെയിമിങ് നയത്തിന്‍റെ കരട് കേന്ദ്രം പുറത്തിറക്കി. പൊതുജനങ്ങൾക്കും മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കരടില്‍ അഭിപ്രായം അറിയിക്കാം. അടുത്ത മാസം അവസാനത്തോടെ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഗെയിമിംഗ് പ്ലാറ്റ്‍ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പുതിയ ഗെയിമിങ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ഗെയിം കമ്പനികൾക്ക് അംഗീകാരം നൽകാൻ സമിതിയെ രൂപീകരിക്കും. ഗെയിമിങിലൂടെ വാതുവെപ്പ് അനുവദിക്കില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ ഗെയിം കളിക്കാൻ രജിസ്റ്റര്‍ ചെയ്യുമ്പോൾ മാതാപിതാക്കളുടെ സമ്മതം വാങ്ങിയിരിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

4. ബിജെപിക്കെതിരെ പൊതുവേദിയില്‍ മാത്രം സംസാരിക്കുന്ന ആളാണ് മുഖ്യമന്ത്രി, രഹസ്യ ബാന്ധവമുണ്ടാക്കും'; വി ഡി സതീശന്‍

ബി.ജെ.പിക്കെതിരെ പൊതുവേദിയില്‍ മാത്രം സംസാരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. രഹസ്യമായി ബി.ജെ.പിയുമായി ബാന്ധവത്തിലേര്‍പ്പെടാന്‍ ഒരു മടിയുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ബാന്ധവമുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു. ഇതിന് പകരമായി കൊടകര കുഴല്‍പണ കേസ് ബി.ജെ.പി നേതാക്കള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാരും അവസാനിപ്പിച്ചുവെന്ന് സതീശന്‍ പറഞ്ഞു.

5. നോട്ട് നിരോധനം: കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി, വിയോജിച്ച് ജസ്റ്റിസ് നാഗരത്ന

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആർ ഗവായ് വായിച്ചു. എന്നാൽ ജസ്റ്റിസ് ബിവി നാഗരത്ന വിയോജിച്ചു കൊണ്ടുള്ള തന്റെ ഭിന്ന വിധി വായിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

6. കണ്ണില്‍ ചോരയില്ലാത്ത കൊടുംക്രൂരത; 'കാറിനടിയില്‍ യുവതിയെ വലിച്ചിഴച്ചത് ഒന്നര മണിക്കൂര്‍, 20 കിലോമീറ്റര്‍'

രാജ്യതലസ്ഥാനത്ത് പുതുവത്സര ദിനത്തില്‍ യുവതി കാറിടിച്ച് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച കാറിന്‍റെ ടയറിനടിയില്‍ കുടുങ്ങിയ യുവതിയെ ഒന്നര മണിക്കൂറോളം വലിച്ച് കൊണ്ട് പോയെന്നാണ് ദൃക്സാക്ഷി പറയുന്നത്. ദില്ലിയിലെ ലാഡ്പുര്‍ ഗ്രാമത്തിലെ കഞ്ജ്ഹവാല റോഡില്‍ പലഹാരക്കട നടത്തുന്ന ദീപക് ദഹിയ ആണ് ഈ ദാരണ സംഭവം നേരിട്ട് കണ്ടത്. യുവതിയെയും കൊണ്ട് 20ഓളം കിലോമീറ്ററാണ് കാര്‍ നിങ്ങിയത്.

7. പാണക്കാട് കുടുംബത്തെ സമസ്ത ഭീഷണിപ്പെടുത്തി സമ്മേളനത്തിൽ നിന്ന് അകറ്റി: കെഎൻഎം സംസ്ഥാന സെക്രട്ടറി

മുസ്ലീം ലീഗിന് നേതൃത്വം നൽകുന്ന പാണക്കാട് കുടുംബത്ത സമസ്ത ഭീഷണിപ്പെടുത്തി മുജാഹിദ് സമ്മേളത്തിൽ നിന്ന് അകറ്റിയെന്ന് ഡോ എഐ അബ്ദുൾ മജീദ് സ്വലാബി. അതുകൊണ്ട് ലീഗ് വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ കെഎൻഎമ്മിനും കഴിയും. വിട്ടു നിൽക്കുന്ന കാര്യം കോർഡിനേഷൻ കമ്മിറ്റിയെ ഔദ്യോഗികമായി അറിയിച്ചതാണ്. പാണക്കാട് തങ്ങൾമാരെ ഇക്കാര്യത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. ഭീഷണി മുഴക്കി പാണക്കാട് തങ്ങൾമാരെ തടയുന്ന സമസ്ത വീണ്ടു വിചാരം നടത്തണമെന്നും കെഎൻഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

8. മുജാഹിദ് സമ്മേളനം: വിവാദത്തിൽ പ്രതികരിച്ച് സാദിഖലി തങ്ങൾ, മുഖ്യമന്ത്രിക്കെതിരെ വിഡി സതീശൻ

മുജാഹിദ് സമ്മേളന വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരുന്നതുകൊണ്ടാണ് സമ്മേളത്തിന് പോകാതിരുന്നതെന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു. മുസ്ലിം ലീഗ് വിളിച്ച മുസ്ലിം കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. വേദിയിൽ ആരെങ്കിലും രാഷ്ട്രീയം പറഞ്ഞാൽ തിരിച്ചും പറയും. ഫാസിസത്തിനെതിരെ എല്ലാവരും യോജിച്ചു നിൽക്കണമെന്നാണ് അഭിപ്രായം. 

9. 'ഒരു ലോ‍ഡ് മണ്ണ് കടത്താന്‍ അഞ്ഞൂറ് പോര'; കണക്കുപറഞ്ഞ് ഗ്രേഡ് എസ് ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

എറണാകുളം അയ്യമ്പുഴയില്‍ അനധികൃതമായി മണ്ണുകടത്തുന്ന ലോറികളിൽ നിന്ന് ഗ്രേഡ് എസ് ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ലോഡിന് കണക്കുപറഞ്ഞ് പണം വാങ്ങുന്ന ദൃശ്യങ്ങൾ എറണാകുളം റൂറൽ പൊലീസ് പരിശോധിക്കുകയാണ്. ഉദ്യോഗസ്ഥനെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് എറണാകുളം റൂറൽ എസ് പി അറിയിച്ചു.


10. 'നല്ല സമയം' പിൻവലിക്കുന്നു; ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച്: ഒമർ ലുലു

'നല്ല സമയം' എന്ന തന്റെ ചിത്രം തിയറ്ററിൽ നിന്നും പിൻവലിക്കുന്നുവെന്ന് സംവിധായകൻ ഒമർ ലുലു. ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെയാണ് തീരുമാനം. ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച് നടക്കുമെന്നും ഒമർ ലുലു അറിയിച്ചു. കഴിഞ്ഞ ദിവസം എക്സൈസിൽ നിന്നും നോട്ടീസ് ലഭിച്ച വിവരം ഒമർ ലുലു അറിയിച്ചിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസ് എടുത്തത്. കോഴിക്കോട് എക്സൈസ് ഓഫീസിലാണ് കേസ്.