അമിത് ഷായോട് മുഖ്യമന്ത്രിയുടെ ചോദ്യം, ഉമ്മന്‍ ചാണ്ടി ബെംഗളൂരുവിലേക്ക്, എടിഎമ്മുകളിൽ വൻ കവർച്ച- 10 വാർത്ത

1- 'കേരളത്തെ കുറിച്ച് എന്താണ് നിങ്ങള്‍ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത്'; അമിത് ഷായ്ക്കെതിരെ പിണറായി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് കേരളത്തെ കുറിച്ച് നിങ്ങള്‍ക്ക് പറയാനുള്ളതെന്ന് ചോദിച്ച മുഖ്യമന്ത്രി, മതനിരപേക്ഷ ചിന്തയോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണ് കേരളമെന്നും പറഞ്ഞു. എന്താണ് കേരളത്തെ കുറിച്ച് അമിത് ഷാ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം

2-'ഇന്ധന സെസ്, വെള്ളക്കരം വര്‍ധന, സാധാരണക്കാരന് താങ്ങാനാവത്തത്', വിമര്‍ശനവുമായി മാര്‍ത്തോമ്മാ മെത്രാപൊലീത്ത

ഇന്ധന സെസും വെള്ളക്കരം വര്‍ധനയും സാധാരണക്കാരന് താങ്ങാനാവാത്തതെന്ന് മാര്‍ത്തോമ്മാ മെത്രാപൊലീത്ത. തൊഴിലില്ലായ്മയില്‍ സംസ്ഥാനം ദേശീയ കണക്കിനേക്കാള്‍ മുന്നിലാണെന്നും മന്ത്രിമാരെ വേദിയിലിരുത്തി മെത്രാപൊലീത്ത കുറ്റപ്പെടുത്തി. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടന വേദിയിലാണ് വിമര്‍ശനം.

3-'നാല് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍', നിയമനം നടത്തി രാഷ്ട്രപതി ഉത്തരവിറക്കി

നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. എന്നാൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശയിൽ തീരുമാനം വന്നില്ല.

4- തുടര്‍ചികിത്സ, ഉമ്മന്‍ ചാണ്ടി ബെംഗളൂരുവിലേക്ക്, പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കൊണ്ടുപോകും

വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരിവിലേക്ക് കൊണ്ടുപോയി. തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് യാത്രയായത്. ഭാര്യയും മൂന്നുമക്കളും അദ്ദേഹത്തോടൊപ്പമുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹ്നാന്‍ എം പി, പി സി വിഷ്ണുനാഥ് എം എല്‍ എ, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്നിവര്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ എത്തി.

5- തമിഴ്നാട്ടിൽ വൻ എടിഎം കവർച്ച; 4 എടിഎമ്മുകളിൽ നിന്നായി 75 ലക്ഷത്തോളം രൂപ മോഷ്ടിച്ചു

തമിഴ്നാട്ടിൽ വൻ എടിഎം കവർച്ച. തിരുവണ്ണാമലയിൽ ഇന്നലെ രാത്രി നാല് എടിഎമ്മുകൾ ഒരേ സമയം കൊള്ളയടിച്ച് 75 ലക്ഷത്തിലേറെ രൂപ കവർന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ മുറിച്ചാണ് പണം കവർന്നത്. തെളിവ് നശിപ്പിക്കാൻ നാലിടത്തേയും സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചു.

6- ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകള്‍; പിണറായി സർക്കാര്‍ ചെലവഴിച്ചത് കോടികൾ, നിയമോപദേശങ്ങൾക്ക് 1.5 കോടി മുടക്കി

ജുഡീഷ്യൽ അന്വേഷണകമ്മീഷനും നിയമോപദേശങ്ങൾക്കും രണ്ട് ടേമുകളിലായി പിണറായി സർക്കാര്‍ ചെലവഴിച്ചത് കോടികൾ. ഇതുവരെ നിയമിച്ച ഏഴ് ജൂഡീഷ്യൽ കമ്മീഷനുകൾക്കായുള്ള ചെലവ് ആറു കോടിരൂപയാണ്.

7-'ഡെപ്യൂട്ടി തഹസില്‍ദാര്‍ ചെയ്തത് പെരുമാറ്റച്ചട്ടലംഘനം', ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജനീഷ് കുമാര്‍

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിക്ക് പിന്നാലെ എംഎല്‍എക്ക് എതിരായ തഹസില്‍ദാരുടെ ആരോപണത്തിന് മറുപടിയുമായി ജനീഷ് കുമാര്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണ്. സര്‍ക്കാര്‍ നയത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

8- സബ് കളക്ടര്‍ക്ക് വിവാഹം: കോഴിക്കോട്ടും കൂട്ട അവധി, കല്യാണത്തിന് അവധിയെടുത്ത് പോയത് 22 ജീവനക്കാര്‍

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിക്ക് സമാനമായി കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും കൂട്ട അവധി. സബ് കളക്ടറുടെ വിവാഹത്തിന് 22 ജീവനക്കാരാണ് അവധിയെടുത്ത് പോയത്. ഫെബ്രുവരി മൂന്നിന് വെളളിയാഴ്ച തിരുനെൽവേലിയിൽ വച്ചാണ് വിവാഹം നടന്നത്.

9- സ്മൃതി മന്ദാന, എല്ലിസ് പെറി.. കോടികള്‍ ആര്‍ക്കൊക്കെ? പ്രഥമ വനിതാ ഐപിഎല്‍ താരലേലം നാളെ! അറിയേണ്ടതെല്ലാം

പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന് മുന്നോടിയായുള്ള താരലേലം നാളെ നടക്കും. മുംബൈയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് താരലേലം തുടങ്ങുക. ആദ്യ പതിപ്പില്‍ അഞ്ച് ടീമുകളാണുള്ളത്. ഓരോ ടീമിനും 12 കോടി രൂപയാണ് ലേലത്തിന് അനുവദിച്ചിരിക്കുന്ന തുക.

10- 'ഇടതുപക്ഷ വിരുദ്ധന്റെ സിനിമയ്‍ക്ക് പ്രമോഷൻ' എന്ന് വിമര്‍ശനം, വിശദീകരണവുമായി എം എ ബേബി

ഹരീഷ് പേരടി നായകനാകുന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ട് സിപിഎം നേതാവ് എം എ ബേബി. ദാസേട്ടന്റെ സൈക്കിള്‍ എന്ന പുതിയ സിനിമയുടെ പോസ്റ്ററാണ് എം എ ബേബി പങ്കുവെച്ചിരിക്കുന്നത്. അഖില്‍ കാവുങ്കലാണ് ചിത്രത്തിന്റെ സംവിധായകൻ. ഹരീഷ് പേരടി ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചതില്‍ എം എ ബേബി വിശദീകരണവുമായി പിന്നീട് രംഗത്ത് എത്തുകയും ചെയ്‍തു.