എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയത് ഉപാധികളില്ലാതെയെന്ന് സാബു ജേക്കബ്.  ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണ് എന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയത് ഉപാധികളില്ലാതെയെന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണ് എന്നത് മാധ്യമ സൃഷ്ടിയാണെന്നും സാബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ന് തിരുവനന്തപുരത്ത് മോദിക്കൊപ്പം സാബു വേദി പങ്കിടും. അതേസമയം, ട്വന്‍റി ട്വന്റിയുടെ പഞ്ചായത്ത് മെമ്പർമാരെ ഒപ്പം നിർത്താൻ എൽഡിഎഫും യുഡിഎഫും കരുനീക്കം നടത്തുകയാണ്.

ബിജെപിക്കൊപ്പം എൻഡിഎ മുന്നണിയിൽ ചേർന്നത് ഉപാധികളില്ലാതെയെന്ന് ട്വന്റി ട്വന്റി ചീഫ് സാബു എം ജേക്കബ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. തനിക്ക് മന്ത്രിയോ എംഎൽഎയോ ആകണമെന്നില്ല. ബിസിനസ് താല്പര്യവുമായല്ല ബിജെപിക്കൊപ്പം ചേർന്നത്. ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനി നയിക്കുന്ന ട്വന്റി 20യുമായി ബിജെപി സഖ്യമുണ്ടാക്കിയത് മതസൗഹാർദമാണ്. മത്സരിക്കാതെ മന്ത്രി സ്ഥാനം ഓഫർ ചെയ്തവരുണ്ട്. എന്നാൽ, അത് താൻ സ്വീകരിച്ചില്ല. ഒറ്റ സീറ്റിലും ട്വന്റി 20 മത്സരിച്ചില്ലെങ്കിലും കുഴപ്പമില്ല. ട്വന്റി ട്വന്റിയെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് മറുപടി നൽകാനാണ് സഖ്യമെന്നും സാബു ജേക്കബ് പറഞ്ഞു.

ട്വന്‍റി ട്വന്റി എൻഡിഎയുമായി സഖ്യം ഉണ്ടാക്കിയതിന് പിന്നാലെ ട്വന്‍റി ട്വന്റിക്ക് ഒപ്പം നിൽക്കുന്ന പഞ്ചായത്ത് മെമ്പർമാരെ ഒപ്പം ചേർക്കാൻ എൽഡിഎഫും യുഡിഎഫും ശ്രമം തുടങ്ങി. നിലവില്‍ എറണാകുളം ജില്ലയിലെ നാല് പഞ്ചായത്തിലാണ് ട്വന്‍റി ട്വന്റി സ്വാധീനമുള്ളത്. ഇന്ന് പ്രധാനമന്ത്രിക്കൊപ്പം സാബു ഉണ്ടാകും.

YouTube video player