ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കം മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
പത്തനംതിട്ട : വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. കാറിലുണ്ടായിരുന്ന മൂന്നാമത്തെയാളുടെ സ്ഥിതി ഗുരുതരം. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. രണ്ട് സ്ത്രീകളും ഒരു മുതിർന്ന പുരുഷനുമടക്കം മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന KL-01-AJ-2102 മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. പുറകിലുണ്ടായിരുന്ന കാർ കാണ്മാനില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് ആദ്യഘട്ടത്തിൽ തിരച്ചിൽ നടത്തിയത്. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. 20 മിനിറ്റോളം കാർ വെള്ളത്തിൽ മുങ്ങിക്കിടന്നെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന എത്തിയാണ് കാർ കരക്കെത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയിലേക്ക് മാറ്റി.
മുക്കത്ത് സ്കൂട്ടറിൽ കാറിടിച്ച് ഒരാൾ മരിച്ചു
കോഴിക്കോട് : മുക്കത്ത് സ്കൂട്ടറിൽ കാറിടിച്ച് ഒരാൾ മരിച്ചു. തിരുവമ്പടി സ്വദേശി ജോസഫ് ( ബേബി പെരുമാലി ) ആണ് മരിച്ചത്. ദിപിക പത്രത്തിന്‍റെ തിരുമ്പാടി മുൻ ലേഖകനായിരുന്നു. ഓൾ കേരള കാത്തലിക് കോൺഗ്രസിന്‍റെ ഗ്ലോബൽ സെക്രട്ടറിയാണ്. കോഴിക്കോട് ട്രെയിനിറങ്ങി വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ വരുമ്പോഴാണ് സംഭവം.മുക്കം മണാശ്ശേരി യുപി സ്കൂളിന് സമീപം പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിലിടിച്ച കാർ നിർത്താതെ പോയി. ഗുരുതരാവസ്ഥയിലായ ബേബിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
