തിരുവല്ലയിൽ ബൈക്ക് മതിലിലിടിച്ച് 2 യുവാക്കൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
പൊലീസ് സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. സിസിടിവി ദൃശ്യം അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്

തിരുവല്ല: നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവല്ല കച്ചേരിപ്പടിയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ വിഷ്ണുവും ആസിഫും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. സിസിടിവി ദൃശ്യം അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. മരിച്ച രണ്ട് പേർക്കും അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ് റോഡിൽ കിടന്ന അരുണിനെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. അപകടം എങ്ങനെയുണ്ടായെന്ന് വ്യക്തമല്ല. അരുണും വിഷ്ണുവും ആസിഫും ഒരുമിച്ചാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്.
അതിനിടെ കൊല്ലം അഞ്ചലിൽ റോഡ് റോളർ കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടു. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37)ആണ് മരിച്ചത്. ബൈപ്പാസിനോട് ചേർന്നുള്ള റോഡ് നിർമ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയിൽ പെട്ടാണ് മരണം. റോഡ് റോളർ തലയിലൂടെയാണ് കയറിയിറങ്ങി. വിനോദ് വാഹനത്തിന് മുന്നിൽ കിടക്കുകയായിരുന്നു. ബൈപ്പാസിൽ തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ വിനോദിനെ കണ്ടില്ലെന്നാണ് റോഡ് റോളർ ഓടിച്ചയാൾ പൊലീസിനോട് പറഞ്ഞത്. മൃതദേഹം പൊലീസെത്തി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മൃതദേഹത്തിന് അരികിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ വഴിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തയ്യൽ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്.
Asianet News | Nipah Virus | Nipah Virus Kerala | Asianet News Live