Asianet News MalayalamAsianet News Malayalam

വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാര്‍, വായ്പാ പരിധി വെട്ടിയപ്പോൾ സന്തോഷിച്ച് തുള്ളിച്ചാടുന്നു: മുഹമ്മദ് റിയാസ്

എല്ലാവരും ദുഖിക്കുമ്പോൾ മലയാളിയായ കേന്ദ്രമന്ത്രി സന്തോഷിക്കുന്നത് ദൗർഭാഗ്യകരമാണ്‌. കേരളത്തിന്‌ വേണ്ടി പ്രശ്നത്തിൽ ഇടപെടേണ്ടയാളായിരുന്നു വി മുരളീധരനെന്നും പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. 

V Muraleedharan, the executioner of Kerala says pa mohammed riyas apn
Author
First Published May 30, 2023, 5:42 PM IST

കൽപ്പറ്റ : കേന്ദ്രമന്ത്രി വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാറെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്ര സർക്കാർ കേരളത്തിന്റെ വായ്പാ പരിധി ‌വെട്ടിക്കുറച്ചപ്പോൾ എല്ലാവരും പ്രതിഷേധിക്കുകയാണ്‌. അത്‌ സംസ്ഥാനത്തെ ബാധിക്കുമെന്ന് എല്ലാവർക്കുമറിയാം. എല്ലാവരും ദുഖിക്കുമ്പോൾ മലയാളിയായ കേന്ദ്രമന്ത്രി സന്തോഷിക്കുന്നത് ദൗർഭാഗ്യകരമാണ്‌. കേരളത്തിന്‌ വേണ്ടി പ്രശ്നത്തിൽ ഇടപെടേണ്ടയാളായിരുന്നു വി മുരളീധരനെന്നും പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. 

അതേ സമയം, സംസ്ഥാന സർക്കാരിന്റെ ധൂർത്ത് കേന്ദ്ര സർക്കാരിന് അനുവദിക്കാനാകില്ലെന്നും കേന്ദ്ര സർക്കാർ തീരുമാനം വിശദമായ പഠനങ്ങൾക്ക് ശേഷമാണെന്നുമായിരുന്നു വായ്പാ പരിധി വെട്ടിക്കുറച്ചതിൽ മുരളീധരന്റ പ്രതികരണം. ഇതിന് പിന്നാലെ വലിയ പ്രതിഷേധമുയ‍ര്‍ന്നു. വായ്പാ പരിധിയിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും അതിനെ മല‍യാളി കൂടിയായ കേന്ദ്രമന്ത്രിയും അനുകൂലിക്കുകയാണെന്നുമാണ് സിപിഎം വിമ‍ര്‍ശിക്കുന്നത്. 

അമിത് ഷായുടെ സന്ദർശനത്തിനിടയിലും സംഘർഷത്തിന് ശമനമില്ലാതെ മണിപ്പൂർ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 10 പേർ

സംസ്ഥാനങ്ങൾക്കെടുക്കാവുന്ന വായ്പ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സര്‍ക്കാരാണ് നിശ്ചയിച്ച് നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 32440 കോടി രൂപ പരിധി കേന്ദ്രസർക്കാർ കേരളത്തിന് നേരത്തേ നിശ്ചയിച്ച് നൽകിയിരുന്നു. എന്നാൽ വായ്പ എടുക്കാൻ അനുമതി നൽകിയത് 15390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാൽ വീണ്ടും 8000 കോടിയുടെ കുറവാണ് വായ്പാ പരിധിയിൽ ഉണ്ടായിരിക്കുന്നത്. കിഫ്ബി പദ്ധതി നടത്തിപ്പിന് വേണ്ടിയെടുത്ത വായ്പകളും വിവിധ  പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത വായ്പയുമെല്ലാം സംസ്ഥാനത്തിന്റെ മൊത്തം ബാധ്യതയായി കണക്കാക്കിയാണ് വായ്പാ പരിധിയിൽ കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം. 2023 ഡിസംബര്‍ വരെയുള്ള ഒമ്പത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തന്നെ കേന്ദ്ര സർക്കാരിനെ ബന്ധപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് നടപ്പ് സാമ്പത്തിക വര്‍ഷം ആകെ എടുക്കാവുന്ന തുക സംബന്ധിച്ച് കേന്ദ്രത്തിന്റെ അറിയിപ്പ്. ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ള കാര്യങ്ങൾ നിലവിൽ തന്നെ ഗുരുതര പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് ഇത് വലിയ തിരിച്ചടിയാണ്. 
 

Follow Us:
Download App:
  • android
  • ios