പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു
കൊല്ലം: കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ടിൽ ചില അനാസ്ഥകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നാളെ ലഭ്യമാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ മകനാണ് മിഥുൻ. മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. മന്ത്രി പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തി മിഥുന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ധനമന്ത്രി കെഎൻ ബാലഗോപാലും ഒപ്പം ഉണ്ടായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ നാളെ നിശ്ചയിച്ചിരുന്ന പരിപാടികളിൽ മന്ത്രി പങ്കെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
മിഥുന്റെ മരണത്തിൽ തേവലക്കര സ്കൂൾ മാനേജ്മെന്‍റിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് വിവരങ്ങൾ. താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈൻ മാറ്റുന്നതിൽ മാനേജ്മെന്‍റിന്‍റെയും കെഎസ്ഇബിയുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് മിഥുന്‍റെ മരണത്തിന് കാരണം. തദ്ദേശ ഭരണ വകുപ്പിന്‍റെ എഞ്ചിനീയർ ഇതൊന്നും പരിഗണിക്കാതെയാണ് സ്കൂളിന് ഫിറ്റ്നസ് നൽകുകയും ചെയ്തിരുന്നത്.


