വർക്കല സ്റ്റേഷൻ എസ്ഐ പി ആര്‍ രാഹുലിനെതിരായ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി. പിഴ തുകയായ ഒരു ലക്ഷം രൂപ എസ് എയിൽ നിന്ന് സർക്കാർ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം: വർക്കല കസ്റ്റഡി മർദ്ദനത്തില്‍ പരാതിക്കാരന് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. മനുഷ്യാവകാശ കമ്മീഷൻ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഉത്തരവിറക്കിയത്. വർക്കല സ്റ്റേഷൻ എസ്ഐ പി ആര്‍ രാഹുലിനെതിരായ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി. പിഴ എസ് എയിൽ നിന്ന് സർക്കാർ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ 8 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
കൊല്ലം ചാത്തന്നൂർ സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ സുരേഷിന്റെ പരാതിയിലാണ് നടപടി. മണ്ണെടുപ്പ് പരാതിയിലാണ് സുരേഷിനെ പൊലീസ് പിടിച്ചു കൊണ്ടുപോയത്. പിന്നീട് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി. സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. നെയ്യാറ്റിൻകര ഡിവൈഎസ്പി ആണ് അന്വേഷണം നടത്തുന്നത്.
