Asianet News MalayalamAsianet News Malayalam

'ബന്ധുവിനെതിരെ പൊലീസ് കേസെടുത്തത് വൈരാഗ്യം തീര്‍ക്കാന്‍'; വീയപുരം പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ യുവാവ്

തന്‍റെ ബന്ധുവിനെതിരെ പൊലീസ് കേസെടുത്തത് വൈരാഗ്യം തീർക്കാനാണെന്ന് അജിത് പറഞ്ഞു. മർദ്ദന വാർത്ത പുറത്ത് വന്നതിന് പ്രതികാര നടപടിയാണിതെന്നും അജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

veeyapuram police  filed  case against the relative to settle the feud says man who beaten up
Author
Veeyapuram, First Published Jul 28, 2022, 11:20 AM IST

ആലപ്പുഴ: വീയപുരം പൊലീസ് സ്‌റ്റേഷനിൽ എസ് ഐ മർദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മർദ്ദനമേറ്റ അജിത് രംഗത്ത്. തന്‍റെ ബന്ധുവിനെതിരെ പൊലീസ് കേസെടുത്തത് വൈരാഗ്യം തീർക്കാനാണെന്ന് അജിത് പറഞ്ഞു. മർദ്ദന വാർത്ത പുറത്ത് വന്നതിന് പ്രതികാര നടപടിയാണ് ഇതെന്നും അജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പരാതിക്കാരനായ രഞ്ജുവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പരാതി വാങ്ങുകയായിരുന്നു. തനിക്കെതിരെയും കേസെടുക്കുമെന്ന് ഭയമുണ്ട്. വിദേശത്തേക്ക് പോകാനിരിക്കെ പൊലീസ് പീപ്പിക്കുകയാണ്. മതിൽ ചാടിക്കടന്ന് ചെടിച്ചട്ടി പൊട്ടിച്ചത് ചോദ്യം ചെയ്തതിനാണ് പിതൃസഹോദരൻ ഫിലിപ്പോസിനെ രഞ്ജു മർദ്ദിച്ചത് എന്നും അജിത് പറഞ്ഞു.

കള്ളക്കേസിൽ കുടുക്കുമെന്ന് സ്റ്റേഷനിൽ ചെന്ന ദിവസം തന്നെ  എസ് ഐ  ഭീഷണിപ്പെടുത്തിയെന്ന് ഫിലിപ്പോസ് പറഞ്ഞു. ജാതിപ്പേര് വിളിച്ചതിന് കേസെടുക്കുമെന്നായിരുന്നു ഭീഷണി. കേസ് ഒത്തുതീർപ്പാക്കാൻ എസ് ഐ സാമുവൽ നിർബന്ധിച്ചു. പരാതിയുടെ കൈപ്പറ്റ് രശീത് ചോദിച്ചപ്പാൾ തള്ളിപ്പുറത്താക്കി. സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ഫിലിപ്പോസ് പറഞ്ഞു.

Read Also: വീയപുരം പൊലീസ് മർദ്ദിച്ചെന്ന് പരാതി നൽകിയ യുവാവിന്റെ ബന്ധുവിനെതിരെ കേസ് 

പരാതി നൽകാനെത്തിയ യുവാവിനെ ആലപ്പുഴ വീയപുരം സ്റ്റേഷനിലെ എസ് ഐ മര്‍ദ്ദിച്ചതാണ് ചര്‍ച്ചയായത്. സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ കൈപറ്റ് രശീത് ചോദിച്ചപ്പോള്‍ എസ് ഐ മര്‍ദ്ദിച്ചെന്നാണ് വീയപുരം സ്വദേശിയായ അജിത് പി വർഗ്ഗീസിന്‍റെ  പരാതി. സ്റ്റേഷനുള്ളിലെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവത്തെ കുറിച്ച് കായംകുളം ഡിവൈഎസ്പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

കഴിഞ്ഞ 24നാണ് സംഭവങ്ങളുടെ തുടക്കം. തന്‍റെ പിതാവിന്‍റെ സഹോദരനെ അയല്‍വാസി മര്‍ദ്ദിച്ചെന്നാരോപിച്ച്  അജിത് വര്‍ഗീസ് വീയപുരം സ്റ്റേഷനില്‍ പരാതി നല്‍കി. പിറ്റേന്ന് പരാതിയുടെ കൈപറ്റ് രശീത് ചോദിച്ചപ്പോള്‍ എസ് ഐ സാമുവല്‍ മര്‍ദ്ദിച്ചെന്നാണ് അജിത് പറയുന്നത്. ഏറെ നേരെ കഴുത്തിൽ  ഞെക്കിപ്പിടിച്ചു. പിന്നീട് ഷര്‍ട്ടിന്‍റെ  കോളറിൽ പിടിച്ച് ഞെരുക്കി. തലയ്ക്ക് അടിയ്ക്കാൻ ശ്രമിക്കവേ മറ്റ് പൊലീസുകാർ പിടിച്ച് മാറ്റുകയായിരുന്നുവെന്ന് അജിത് പറഞ്ഞു. 

അജിതിനെ പിന്നീട് ഹരിപ്പാട് താലൂക്കാശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.  മര്‍ദ്ദിച്ചെന്ന് പറയുന്നത് വാസ്തവ വിരുദ്ധമെന്നാണ് വീയപുരം പൊലീസിന‍്റെ വിശദീകരണം. 

Read Also: യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാര കൊലക്കേസ് : 6 പേർ കൂടി കസ്റ്റഡിയിൽ, പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ

Follow Us:
Download App:
  • android
  • ios