Asianet News MalayalamAsianet News Malayalam

P C George : വിദ്വേഷ പ്രസംഗം; രണ്ട് കേസിലും പി സി ജോർജ് അറസ്റ്റില്‍, തിരുവനന്തപുരത്തേക്ക് മാറ്റും

വെണ്ണല കേസില്‍ നടപടികൾ പൂർത്തിയായാൽ പി സി ജോർജിനെ വിഴിഞ്ഞം പൊലീസിന് കൈമാറും. പി സി ജോർജിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ വിഴിഞ്ഞം പൊലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്.

Vennala hate speech case P C George arrested
Author
Kochi, First Published May 25, 2022, 7:23 PM IST

കൊച്ചി: വെണ്ണലയിലെയും തിരുവനന്തപുരത്തെയും വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോർജിന്‍റെ (P C George) അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി-ഫോർട്ട് പൊലീസുകളാണ് പി സി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പി സി ജോർജിനെ വൈദ്യ പരിശോധനക്ക് ഹാജരാക്കി. അതിന് ശേഷം ഫോർട്ട് പൊലീസിന് കൈമാറും. കൊച്ചിയിൽ നിന്നുള്ള പൊലീസ് വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. രാത്രി 8.30 ക്ക് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും എന്നാണ് സൂചന.

നിലവില്‍ സിറ്റി എ ആര്‍ ക്യാമ്പിലാണ് പി സി ജോര്‍ജ്. പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ ഡിസിപിയുടെ വാഹനത്തില്‍ സിറ്റി എആര്‍ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് നടപടി. വെണ്ണല കേസിൽ മൊഴി എടുക്കാനാണ് പിസിയെ നിലവിൽ കൊണ്ട് പോയത്. സ്റ്റേഷൻ പരിസരത്തെ സ൦ഘര്‍ഷ അവസ്ഥ കണക്കിലെടുത്താണ് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനില്‍ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായത്. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജ് പൊലീസ് സ്റ്റേഷനിലെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതോടെ പി സി ജോർജിനെ ഈ കേസില്‍ അറസ്റ്റ് ചെയ്യാനാണ് സാധ്യത. തിരുവനന്തപുരം സിറ്റി പൊലീസ് സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്. 

ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. അനിവാര്യമെങ്കില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പി സി ജോർജ് ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പത്ത് പേജുള്ളതാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്.

ഇതിനിടെ പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ഈ ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു. കൊച്ചി പാലാരിവട്ടം പൊലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോ‍ർജിനെതിരെ കേസെടുത്തിരുന്നത്. 

Follow Us:
Download App:
  • android
  • ios