ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു. കേരളവും വിക്ടോറിയയും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തിന്‍റെ അംഗീകാരമായാണ് ക്ഷണം. 

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ക്ഷണം. വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിനും പാര്‍ലമെന്‍റിന്‍റെ ആദരവ് ഏറ്റുവാങ്ങുന്നതിനുമായാണ് ക്ഷണിച്ചിരിക്കുന്നത്. കേരളവും വിക്ടോറിയയുമായിട്ടുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തിന്‍റെ അംഗീകാരമായിട്ടാണ് മന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്.

ജൂണ്‍ 19ന് വിക്ടോറിയന്‍ പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് മന്ത്രി പങ്കെടുക്കുന്നത്. സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക് അപൂര്‍വമായാണ് ഇത്തരമൊരു അവസരം ലഭിക്കുന്നത്. ഈ കാലയളവില്‍ കേരളവും വിക്ടോറിയയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. സന്ദര്‍ശനത്തോടനുബന്ധിച്ച് വിക്ടോറിയയിലെ ആരോഗ്യ വകുപ്പ് മന്ത്രി, വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി എന്നിവരുമായി മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തും.

കേരളത്തിന്‍റെ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനെ നേരത്തെ വിക്‌ടോറിയന്‍ പാര്‍ലമെന്‍റ് സമിതി അഭിനന്ദിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സമിതി കേരളത്തിന്റെ ആരോഗ്യ മേഖലയേയും പ്രത്യേകിച്ച് ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനേയും അഭിനന്ദിച്ചത്. ഈ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ മഹത്തരമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായാണ് ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ആരംഭിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച ഈ ക്യാമ്പയിനിലൂടെ 15 ലക്ഷത്തിലധികം പേര്‍ക്ക് സ്‌ക്രീനിംഗ് നടത്തി. ആദ്യഘട്ടത്തില്‍ സ്ത്രീകളെ ബാധിക്കുന്ന കാന്‍സറിനാണ് പ്രാധാന്യം നല്‍കിയത്. സ്‌ക്രീനിംഗില്‍ പങ്കെടുത്തവരില്‍ രോഗം സംശയിച്ചവര്‍ക്ക് തുടര്‍ പരിശോധനയും ചികിത്സയും ഉറപ്പാക്കി. ഭൂരിപക്ഷം പേരിലും പ്രാരംഭ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാനായതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ സാധിക്കുന്നു. ഈ ക്യാമ്പയിനിലൂടെ പുരുഷന്‍മാരുടെ കാന്‍സര്‍ സ്‌ക്രീനിംഗും ആരംഭിച്ചിട്ടുണ്ട്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സ്‌ക്രീനിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30 വയസിന് മുകളിലുള്ള മുഴുവന്‍ പേരേയും സ്‌ക്രീനിംഗ് നടത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.