വിദ്യാർത്ഥികൾ ആറ്റിൽ മുങ്ങി മരിച്ചു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഉച്ചയ്ക് ഒന്നരയോടെ അച്ചൻകോവിലാറ്റിലാണ് അപകടമുണ്ടായത്
പത്തനംതിട്ട: വിദ്യാർത്ഥികൾ ആറ്റിൽ മുങ്ങി മരിച്ചു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഉച്ചയ്ക് ഒന്നരയോടെ അച്ചൻകോവിലാറ്റിലാണ് അപകടമുണ്ടായത്. കൊന്നപ്പാറ, പയ്യനാമൺ സ്വദേശികളായ ഡെനീഷ് ഷിബു, സെബിൻ ബിനോയ് എന്നിവരാണ് മരിച്ചത്. കോന്നി പിഎസ്‌വിപിഎം എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥികളായ ഇരുവരും സുഹൃത്തിനൊപ്പമാണ് സ്കൂളിന് സമീപത്തുള്ള പുതിയ കാവ് ദേവീ ക്ഷേത്ര കടവിലെ ബണ്ടിന് സമീപം കുളിക്കാൻ ഇറങ്ങിയത്. ഒഴുക്കിൽപെട്ട് താഴ്ചയേറിയ ഭാഗത്തെ ചുഴിയിൽ പെട്ടതാകാം അപകട കാരണമെന്നാണ് വിവരം. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാകാം മറ്റൊരാളും അപകടത്തിൽപെട്ടതെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ഒരാളെ നാട്ടുകാർ രക്ഷപെടുത്തി. കരയ്ക്ക് എത്തിക്കുമ്പോൾ ഒരാൾക്ക് ജീവൻ ഉണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിക്കുകയായിരുന്നു.
വോളിബോൾ പ്രാക്ടീസിനാണ് മൂവരും സ്കൂളിൽ എത്തിയതെന്നാണ് വിവരം. മൃതദേഹങ്ങൾകോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കോന്നി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് അപകടസാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വകവയ്ക്കാതെ സ്കൂൾ കുട്ടികൾ ഇവിടെ കുളിക്കാൻ ഇറങ്ങുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികളെത്തിയ ഇരുചക്രവാഹനം ഉൾപ്പെടെ കടവിന്‍റെ ഭാഗത്തായി കണ്ടെത്തിയിട്ടുണ്ട്.


