തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നമുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചത്.

വിഎസിൻ്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വി എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല. ഇടവിട്ട് നൽകിവരുന്ന ഡയാലിസിസ് ശാരീരിക അവസ്ഥ കണക്കിലെടുത്ത് ഇടക്ക് നിർത്തി വയ്ക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെത്തി വിഎസിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. നിലവില്‍ നൽകി വരുന്ന ചികിത്സകൾ തന്നെ തുടരാനാണ് നിർദ്ദേശം.

കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രൻ കെ കൃഷ്ണൻകുട്ടി എന്നിവരും, മുതിർന്ന സിപിഎം നേതാവ് പി കെ ഗുരുദാസൻ ഇ പി ജയരാജൻ പി കെ ശ്രീമതി അടക്കമുള്ളവരും ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.

YouTube video player