തുടര്‍ച്ചയായ ഭരണം സിപിഎമ്മിനെ അധികാര കേന്ദ്രീകൃത പാര്‍ട്ടിയാക്കി മാറ്റിയെന്നും ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും വിമര്‍ശനം ഉയരുന്നു. സിപിഎമ്മിനുള്ളിലെ ആശയപരവും നൈതികവുമായ തകര്‍ച്ച സംഘടനയെ ആഴത്തില്‍ ബാധിച്ചതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന അസ്വസ്ഥതകളും പൊട്ടിത്തെറികളും നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയാവുമെന്ന് വിലയിരുത്തല്‍. സിപിഎം ആദര്‍ശങ്ങളില്‍ നിന്ന് വിട്ടുമാറി അധികാര കേന്ദ്രിതമായ പാര്‍ട്ടിയായി മാറിയെന്ന വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. തുടര്‍ച്ചയായ പത്ത് വര്‍ഷം അധികാരത്തിലിരുന്നത് ഇടതുപക്ഷത്തിനെ മൂല്യച്യുതിയിലേക്ക് നയിച്ചെന്നാണ് വിമര്‍ശനം. സിപിഎമ്മിനുള്ളിലെ ആശയപരവും നൈതികവുമായ തകര്‍ച്ച സംഘടനയെ ആഴത്തില്‍ ബാധിച്ചതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Add Asianetnews as a Preferred SourcegooglePreferred

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മുതിര്‍ന്ന ഇടത് ചിന്തകരും പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചിലര്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തുമ്പോള്‍, മറ്റു ചിലര്‍ നിശബ്ദമായി പാര്‍ട്ടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. അധികാര കേന്ദ്രീകൃതവും വ്യക്തിനിഷ്ഠവുമായ പാര്‍ട്ടിയായി സിപിഎം മാറിയെന്നും വിമര്‍ശനമുയരുന്നുണ്ട്. ഇടത് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനേക്കാള്‍ അധികാരത്തില്‍ കടിച്ചു തൂങ്ങാനും ഇമേജ് മാനേജ്‌മെന്റിനുമാണ് പ്രാധാന്യം നല്‍കുന്നതെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ശക്തമായ കേഡര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിയായിരുന്നു സിപിഎം. എന്നാലിപ്പോള്‍ ചില നേതാക്കള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നയിക്കുന്ന പാര്‍ട്ടി സംവിധാനമായി സിപിഎം മാറിയെന്നാണ് വിമര്‍ശനം.

പശ്ചിമബംഗാളില്‍ സംഭവിച്ചത് തന്നെയാണ് കേരളത്തിലെ സിപിഎമ്മിനും സംഭവിക്കുന്നതെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ബംഗാളില്‍ തുടര്‍ച്ചയായി അധികാരത്തിലിരുന്നതോടെ ജനങ്ങളുമായുള്ള ബന്ധം അറ്റുപോവുകയും തിരിച്ചുവരവില്ലാത്ത വിധം പാര്‍ട്ടി ജീര്‍ണമാവുകയുമായിരുന്നു. ബിജെപിയുടെ ബംഗാളിലെ മുന്നേറ്റത്തിനാണ് സിപിഎമ്മിന്റെ അപചയം വഴിയൊരുക്കിയത്. കേരളത്തിലെ അധികാരത്തുടര്‍ച്ച ബംഗാളിന്റെ പാതയിലേക്കാണ് പാര്‍ട്ടിയെ നയിക്കുന്നതെന്ന മുന്നറിയിപ്പുകള്‍ ഈ സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിയോട് ചേര്‍ന്നു നിന്ന സാഹിത്യ അക്കാദമി അധ്യക്ഷനും പ്രമുഖ കവിയുമായ കെ സച്ചിദാനന്ദന്‍ അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ സിപിഎം വീണ്ടും അധികാരത്തില്‍ വരാതിരിക്കുന്നതാണ് നല്ലതെന്ന് പരസ്യമായി പറഞ്ഞത് ഈ പശ്ചാത്തലത്തിലാണെന്ന് കരുതുന്നു. സിപിഎമ്മിന് ആത്മപരിശോധനക്കും പുനര്‍നിര്‍മാണത്തിനും സ്വയം വിമര്‍ശനത്തിനും ഇത് ആവശ്യമെന്ന നിലപാടാണ് ഇവര്‍ പങ്കുവെയ്ക്കുന്നത്.