ഒരേ സ്പോഞ്ച് ഉപയോഗിച്ച് പാത്രങ്ങൾ കഴുകുകയും, സിങ്ക് വൃത്തിയാക്കുകയും ചെയ്യരുത്. ഓരോ ആവശ്യങ്ങൾക്കും ഓരോന്ന് ഉപയോഗിക്കുന്നതാണ് നല്ലത്.
അടുക്കളയിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ എളുപ്പത്തിന് ഉപയോഗിക്കുന്ന ഒന്നാണ് സ്പോഞ്ച്. പാത്രം കഴുകാൻ എളുപ്പമാണെങ്കിലും സ്പോഞ്ച് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
- എല്ലാ ആവശ്യങ്ങൾക്കും ഒരേ സ്പോഞ്ച് ഉപയോഗിക്കരുത്
ഒരേ സ്പോഞ്ച് ഉപയോഗിച്ച് പാത്രങ്ങൾ കഴുകുകയും, സിങ്ക് വൃത്തിയാക്കുകയും ചെയ്യരുത്. ഓരോ ആവശ്യങ്ങൾക്കും ഓരോന്ന് ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് അണുക്കൾ പടരാൻ കാരണമാകുന്നു. എളുപ്പത്തിന് വേണ്ടി ഒരു സ്പോഞ്ച് തന്നെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് ഒഴിവാക്കാം.
2. ദീർഘകാലം ഉപയോഗിക്കരുത്
ഒരു സ്പോഞ്ച് തന്നെ കാലങ്ങളോളം ഉപയോഗിക്കുന്നത് നല്ലതല്ല. കാരണം സ്‌പോഞ്ചിൽ അഴുക്കും അണുക്കളും പറ്റിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ഉപയോഗിച്ച് വീണ്ടും പാത്രങ്ങൾ കഴുകുമ്പോൾ പാത്രത്തിലേക്കും അഴുക്ക് പറ്റിപ്പിടിക്കുന്നു. കൂടാതെ അണുക്കൾ എളുപ്പത്തിൽ പടരുകയും ചെയ്യും.
3. സ്പോഞ്ച് വൃത്തിയാക്കാതിരിക്കുക
സ്പോഞ്ചിൽ ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഓരോ ഉപയോഗത്തിന് ശേഷവും സ്പോഞ്ച് കഴുകി വൃത്തിയാക്കാൻ മറക്കരുത്. അതേസമയം സ്പോഞ്ച് ഈർപ്പത്തോടെ സൂക്ഷിക്കുന്നതും നല്ലതല്ല. ഇത് അണുക്കൾ ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു. അതിനാൽ തന്നെ കഴുകി വൃത്തിയാക്കിയതിന് ശേഷം നന്നായി പിഴിഞ്ഞ് ഉണക്കിയാവണം സൂക്ഷിക്കേണ്ടത്.
4. സ്പോഞ്ച് സൂക്ഷിക്കുമ്പോഴും ശ്രദ്ധവേണം
ഈർപ്പം ഉണ്ടാകുന്ന സ്ഥലങ്ങളിൽ സ്പോഞ്ച് സൂക്ഷിക്കാൻ പാടില്ല. അതിനാൽ തന്നെ നല്ല വായുസഞ്ചാരമുള്ള, വൃത്തിയുള്ള, ഉണങ്ങിയ സ്ഥലത്താവണം സ്പോഞ്ച് സൂക്ഷിക്കേണ്ടത്. ദീർഘനേരം ഈർപ്പത്തോടെ സ്പോഞ്ച് സൂക്ഷിക്കുന്നതും ഒഴിവാക്കാം.


