നിരന്തരമായി പാചകം ചെയ്യുകയും അതിനൊപ്പം ചൂടും ഈർപ്പവും കൂടെ ആകുമ്പോഴേക്കും ഭക്ഷണങ്ങൾ കേടുവരുന്നു. ഇത് ഭക്ഷ്യവിഷബാധയുണ്ടാകാനും കാരണമാകുന്നു.
മഴക്കാലമായാൽ വായുവിലുള്ള ഈർപ്പത്തിന്റെ അളവ് വർധിക്കുന്നു. ഇങ്ങനെ ഉണ്ടാകുമ്പോൾ അണുക്കൾ വളരാനുള്ള സാധ്യതയും കൂടുതലാണ്. അടുക്കളയെയാണ് മഴക്കാലം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നിരന്തരമായി പാചകം ചെയ്യുകയും അതിനൊപ്പം ചൂടും ഈർപ്പവും കൂടെ ആകുമ്പോഴേക്കും ഭക്ഷണങ്ങൾ കേടുവരുന്നു. ഇത് ഭക്ഷ്യവിഷബാധയുണ്ടാകാനും കാരണമാകുന്നു. അതിനാൽ തന്നെ മഴക്കാലത്ത് അടുക്കളയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
വൃത്തി ഉണ്ടായിരിക്കണം
അടുക്കളയിൽ വൃത്തി വളരെ പ്രധാനമാണ്. അടുക്കള ജോലികൾ തുടങ്ങുന്നതിന് മുമ്പ് തന്നെ കൈകൾ കഴുകി വൃത്തിയാക്കാൻ മറക്കരുത്.
പാത്രങ്ങൾ കഴുകാം
ഉപയോഗം കഴിഞ്ഞ പാത്രങ്ങൾ ഉടൻ തന്നെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ബാക്കിവന്ന ഭക്ഷണം പാത്രത്തിൽ ഇരുന്നാൽ വായുവിൽ നിന്നുള്ള ഈർപ്പത്തെ വലിച്ചെടുക്കുകയും ഇതുമൂലം അണുക്കൾ പെരുകുകയും ചെയ്യുന്നു.
സ്പൂൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം
ഭക്ഷണങ്ങൾ കേടുവരാനുള്ള പ്രധാനകാരണം വായുവിലുള്ള ഈർപ്പമാണ്. വേവിച്ചതും വേവിക്കാത്തതുമായ ഭക്ഷണങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടതുണ്ട്. ഭക്ഷണത്തിൽ സ്‌പൂൺ ഉപയോഗിക്കുമ്പോൾ നനവില്ലാത്തത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
വായുകടക്കാത്ത പാത്രങ്ങൾ
വായുകടക്കാത്ത പാത്രങ്ങളിലാണ് ഭക്ഷണം സൂക്ഷിക്കേണ്ടത്. പ്രത്യേകിച്ചും മഴക്കാലങ്ങളിൽ. ഇത് ഈർപ്പത്തെ തടയുകയും ഭക്ഷണം കേടുവരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ അണുക്കൾ പെരുകുന്നതും തടയാൻ സഹായിക്കും.
സിങ്ക് വൃത്തിയാക്കാം
അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവാൻ സാധ്യതയുള്ളത് കിച്ചൻ സിങ്കിലാണ്. സിങ്കിന്റെ കോണുകളിൽ അണുക്കൾ പറ്റിയിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇടയ്ക്കിടെ കിച്ചൻ സിങ്ക് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
മാലിന്യം
അണുക്കൾ വളരാനുള്ള പ്രധാന കാരണം മാലിന്യങ്ങൾ കുന്നുകൂടുന്നത് കൊണ്ടാണ്. അടുക്കളയിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
വെള്ളം സൂക്ഷിക്കുന്നത് ഒഴിവാക്കാം
പിന്നീടുള്ള ആവശ്യത്തിന് വേണ്ടി വെള്ളം മുന്നേ കൂട്ടി എടുത്ത് വയ്ക്കുന്നവരുണ്ട്. ഇത് ജോലി എളുപ്പമാക്കുമെങ്കിലും ആരോഗ്യത്തിന് നല്ലതല്ല. കൊതുക്, പ്രാണികൾ തുടങ്ങിയവ വെള്ളത്തിൽ മുട്ടയിട്ട് പെരുകാൻ സാധ്യതയുണ്ട്. ഇത് മലേറിയ, ഡെങ്കു, ഭക്ഷ്യവിഷബാധ എന്നിവയ്ക്ക് കാരണമാകുന്നു.


