എലി ശല്യം ആണെങ്കിലും, പ്രാണി ശല്യം ആണെങ്കിലും ഇവയെ തുരത്തേണ്ടത് വളരെ പ്രധാനമാണ്.

കീടങ്ങൾ, പ്രാണി, പാമ്പ് തുടങ്ങിയ ഇഴജന്തുക്കളുടെ ശല്യം സാധാരണമായി പൂന്തോട്ടങ്ങളിൽ ഉണ്ടാവാറുണ്ട്. എലി ശല്യം ആണെങ്കിലും, പ്രാണി ശല്യം ആണെങ്കിലും ഇവയെ തുരത്തേണ്ടത് വളരെ പ്രധാനമാണ്. ഇത്തരം ജീവികളുടെ ശല്യം ഇല്ലാതാക്കാൻ ഇതാ ചില പൊടിക്കൈകൾ. 

പൂന്തോട്ടം വൃത്തിയാക്കാം

വൃത്തിയില്ലാതെ ചവറുകൾ കൂടി കിടന്നാൽ അവിടേക്ക് ഇഴജന്തുക്കളും, പ്രാണികളും വന്നുകൊണ്ടേയിരിക്കും. അതിനാൽ എപ്പോഴും വീടും പരിസരവും നന്നായി വൃത്തിയാക്കിയിടാൻ മറക്കരുത്. ആവശ്യമില്ലാത്ത ചെടികൾ വളരുന്നുണ്ടെങ്കിൽ അവയെ പിഴുത് കളയേണ്ടതും പ്രധാനമാണ്.

ചെടികൾ വളർത്താം 

കീടങ്ങളെ അകറ്റി നിർത്തുന്ന ചെടികൾ വളർത്തിയാൽ ഈ ജീവികളുടെ ശല്യം ഉണ്ടാവില്ല. ചില ചെടികളുടെ രൂക്ഷ ഗന്ധം പ്രാണികൾക്കും ഇഴജന്തുക്കൾക്കും പറ്റാത്തവയാണ്. സിട്രോനെല്ല, ഇഞ്ചിപ്പുല്ല്, പുതിന തുടങ്ങിയ ചെടികൾ പൂന്തോട്ടത്തിൽ വളർത്തു. 

എണ്ണയും സ്പ്രേയും

ചെടികൾ മാത്രമല്ല ചില എണ്ണകളും സ്പ്രേയും ഇഴജന്തുക്കളെ അകറ്റി നിർത്താൻ സഹായിക്കുന്നു. അതിൽ വേപ്പെണ്ണയാണ് കൂടുതലും ഉപയോഗപ്രദമായത്. വേപ്പെണ്ണയും വെള്ളവും ചേർത്ത് ചെടികൾക്ക് ചുറ്റും സ്പ്രേ ചെയ്ത് കൊടുത്താൽ ഇതിന്റെ ഗന്ധം സഹിക്കവയ്യാതെ ഇഴജന്തുക്കൾ വരില്ല.

വെള്ളം കെട്ടിനിർത്തരുത് 

വീടിന് പുറത്ത് വെള്ളം കെട്ടികിടക്കുന്ന കാഴ്ച സാധാരണമായി തോന്നുമെങ്കിലും കൊതുകുകൾ പെരുകാനും ഒച്ചുകളും പ്രാണികളും വരാനും കാരണമാകുന്നു. ഇത് നിങ്ങളുടെ മനോഹരമായ പൂന്തോട്ടത്തിന്റെ ഭംഗി ഇല്ലാതാക്കുകയും ചെയ്യുന്നു. 

ചവറ്റുകുട്ടകൾ ക്രമീകരിക്കാം 

വീടിനുള്ളിലെ മാലിന്യങ്ങൾ പുറത്തേക്ക് വലിച്ചെറിയുന്ന ശീലം ഒഴിവാക്കാം. ഇത് മാലിന്യങ്ങൾ കുന്നുകൂടി കിടക്കാനും ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു. 

നെറ്റ് കെട്ടാം

പൂന്തോട്ടത്തിന് ചുറ്റും നെറ്റ് കെട്ടിയാൽ ഇഴജന്തുക്കളും കീടങ്ങളും വരുന്നത് തടയാൻ സാധിക്കും. കൂടാതെ മാലിന്യങ്ങൾ പെരുകുന്നതിനെയും തടയാൻ സാധിക്കുന്നു.