ഫ്രിഡ്ജിൽ വയ്ക്കുന്നതിന് പകരം ഫ്രീസറിലും പുതിന സൂക്ഷിക്കാൻ കഴിയും. ഐസ് ക്യൂബ് ട്രേ മാത്രം മതി.

പാചകം ചെയ്യുന്ന സമയത്ത് ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നത് രുചിക്കും, നിറം, മണം എന്നിവ ലഭിക്കാനും സഹായിക്കുന്നു. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. അത്തരത്തിൽ അടുക്കളയിൽ സ്ഥാനം പിടിച്ച ഒന്നാണ് പുതിന. എന്നാൽ ദീർഘകാലം ഇത് കേടുവരാതെ സൂക്ഷിക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. പുതിന കേടുവരാതെ സൂക്ഷിക്കാൻ ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ.

  1. കയ്യെത്തും ദൂരത്ത് സാധനങ്ങൾ ഇരുന്നാൽ അടുക്കള ജോലി ഒന്നുകൂടെ എളുപ്പമാകും. പുതിനയും അത്തരത്തിൽ സൂക്ഷിക്കാൻ സാധിക്കും. അടുക്കളയിലെ കൗണ്ടർടോപ്പിലോ ജനാലയുടെ വശത്തായോ ഇത് സൂക്ഷിച്ചാൽ മതി. പുതിനയുടെ തണ്ട് മുറിച്ച് മാറ്റിയതിന് ശേഷം ശുദ്ധമായ വെള്ളത്തിൽ ഇട്ടുവെക്കാം. അതേസമയം ഇടയ്ക്കിടെ വെള്ളം മാറ്റികൊടുക്കാൻ മറക്കരുത്.

2. പുതിന കേടുവരാതിരിക്കാൻ ഫ്രിഡ്ജിലാക്കിയും സൂക്ഷിക്കാൻ സാധിക്കും. പുതിനയുടെ തണ്ട് മുറിച്ചതിന് ശേഷം വെള്ളത്തിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി. ഇത് പുതിന ഉണങ്ങി പോകുന്നത് തടയുകയും എപ്പോഴും ഫ്രഷായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

3. ഫ്രിഡ്ജിൽ വയ്ക്കുന്നതിന് പകരം ഫ്രീസറിലും പുതിന സൂക്ഷിക്കാൻ കഴിയും. ഐസ് ക്യൂബ് ട്രേ മാത്രം മതി. കേടുവന്നതോ പഴുത്തതോ ആയ ഇലകൾ മുറിച്ച് മാറ്റണം. ശേഷം നന്നായി കഴുകാം. കഴുകി കഴിഞ്ഞാൽ പേപ്പർ ടവൽ ഉപയോഗിച്ച് നന്നായി തുടച്ചെടുക്കണം.

4. ഈർപ്പം മാറിയ പുതിനയുടെ തണ്ടുകൾ മുറിച്ച് മാറ്റാം. ശേഷം ഇലകൾ ചെറുതായി മുറിച്ചെടുക്കണം. ഇത് ഐസ് ക്യൂബ് ട്രേയിലാക്കി വെള്ളമൊഴിച്ച് ഫ്രീസറിൽ വെച്ചാൽ മതി. എത്ര മാസംവരെയും പുതിന കേടുവരാതിരിക്കും.