ചീര, ലെറ്റൂസ് എന്നിവ പേപ്പർ ടവലിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ ഈർപ്പത്തെ വലിച്ചെടുക്കാനും പച്ചക്കറികൾ എപ്പോഴും ഫ്രഷായിരിക്കാനും സഹായിക്കുന്നു.

ഉപയോഗിക്കുന്നതിന് മുന്നേ വാങ്ങിവെച്ച പച്ചക്കറികൾ കേടുവരുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. നല്ല ആരോഗ്യത്തിന് കേടുവരാത്ത പച്ചക്കറികളാണ് നമ്മൾ കഴിക്കേണ്ടത്. ഇല്ലെങ്കിൽ ഇത് പലതരം രോഗങ്ങൾക്ക് കാരണമാകുന്നു. ശരിയായ രീതിയിൽ പച്ചക്കറികൾ സൂക്ഷിച്ചാൽ ഇത് എത്ര ദിവസം വരെയും കേടുവരാതെ രുചിയോടെയിരിക്കും. പച്ചക്കറികൾ കേടുവരാതെ സൂക്ഷിക്കാൻ ഈ എളുപ്പ വഴികൾ പരീക്ഷിച്ച് നോക്കൂ.

വായു സഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കാം

പച്ചക്കറികൾ സൂക്ഷിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല വായുസഞ്ചാരം ലഭിക്കുന്ന സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഇലക്കറികളും ഔഷധസസ്യങ്ങളും വായു സഞ്ചാരം ലഭിക്കുന്ന വിധത്തിൽ പൊതിഞ്ഞ് സൂക്ഷിക്കാം. ഇത് പച്ചക്കറികൾ കേടുവരാതെ സൂക്ഷിക്കാൻ സഹായിക്കുന്നു.

വേരുള്ള പച്ചക്കറികൾ

ക്യാരറ്റ്, ഉരുളകിഴങ്ങ്, സവാള തുടങ്ങിയ പച്ചക്കറികൾ കേടുവരാതെ സൂക്ഷിക്കേണ്ടത് ഇങ്ങനെയാണ്. അധികം ചൂടില്ലാത്ത, തണുപ്പുള്ളതും പ്രകാശം ഇല്ലാത്തതുമായ സ്ഥലത്ത് ഇവ സൂക്ഷിക്കാം. ആവശ്യമില്ലെങ്കിൽ ഇത്തരം പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഈർപ്പമുണ്ടായാൽ ഈ പച്ചക്കറികൾ പെട്ടെന്ന് കേടാകുന്നു.

എത്തിലീൻ വാതകം പുറന്തള്ളുന്നവ

പഴം, ആപ്പിൾ തുടങ്ങിയ പഴങ്ങളിൽ നിന്നും എത്തിലീൻ വാതകം പുറന്തള്ളാറുണ്ട്. ഇത് പഴങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരം പഴങ്ങൾക്കൊപ്പം പച്ചക്കറികൾ സൂക്ഷിക്കുന്നത് ഒഴിവാക്കാം.

പേപ്പർ ടവലിൽ പൊതിയാം

ചീര, ലെറ്റൂസ് എന്നിവ പേപ്പർ ടവലിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ ഈർപ്പത്തെ വലിച്ചെടുക്കാനും പച്ചക്കറികൾ എപ്പോഴും ഫ്രഷായിരിക്കാനും സഹായിക്കുന്നു.

സൂക്ഷിക്കുന്നതിന് മുമ്പ് കഴുകേണ്ട

ഉപയോഗിക്കുന്നതിന് മുമ്പ് മാത്രമേ പച്ചക്കറികൾ കഴുകാൻ പാടുള്ളൂ. കഴുകി സൂക്ഷിക്കുമ്പോൾ ഈർപ്പം അതിൽ തങ്ങി നിൽക്കുകയും, പൂപ്പൽ ഉണ്ടാവാനും കേടുവരാനും കാരണമാകുന്നു.