വേരുള്ള പച്ചക്കറികൾ ആയതുകൊണ്ട് തന്നെ ഇതിൽ മണ്ണും ചെളിയും അണുക്കളും ഉണ്ടാകുന്നു. ഇത് ശരിയായ രീതിയിൽ കഴുകി അണുവിമുക്തമാക്കേണ്ടത് വളരെ പ്രധാനമാണ്.

വേരുള്ള പച്ചക്കറികളിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പലരീതിയിലും നമുക്ക് പാകം ചെയ്തെടുക്കാൻ സാധിക്കും. വേരുള്ള പച്ചക്കറികൾ ആയതുകൊണ്ട് തന്നെ ഇതിൽ മണ്ണും ചെളിയും അണുക്കളും ഉണ്ടാകുന്നു. അതിനാൽ തന്നെ ശരിയായ രീതിയിൽ കഴുകി അണുവിമുക്തമാക്കേണ്ടത് വളരെ പ്രധാനമാണ്. പച്ചക്കറികളുടെ ഗുണങ്ങൾ നഷ്ടപ്പെടാതെ കഴുകി വൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.

ഉരച്ച് കഴുകാം

തണുത്ത, ഒഴുകുന്ന വെള്ളത്തിൽ പച്ചക്കറികൾ നന്നായി ഉരച്ച് കഴുകണം. ഇത് പച്ചക്കറികളിൽ പറ്റിയിരിക്കുന്ന അഴുക്കിനെയും ചെളിയേയും എളുപ്പം നീക്കം ചെയ്യുന്നു. ആവശ്യമെങ്കിൽ വൃത്തിയുള്ള സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകാവുന്നതാണ്.

വെള്ളത്തിൽ മുക്കിവയ്ക്കാം

ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുക്കണം. ശേഷം പച്ചക്കറികൾ ഇതിലേക്ക് മുക്കിവയ്ക്കാം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ മതി. ഇത് പച്ചക്കറിയിലെ അഴുക്കിനെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു.

വിനാഗിരി ഉപയോഗിക്കാം

വെള്ളത്തിൽ കുറച്ച് വിനാഗിരി ഒഴിച്ചതിന് ശേഷം അതിലേക്ക് പച്ചക്കറികൾ മുക്കിവയ്ക്കാം.10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ മതി. ഇത് പച്ചക്കറിയിലെ അണുക്കളെ എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു.

ഉപ്പ് ഉപയോഗിക്കാം

പച്ചക്കറികളിൽ പറ്റിപ്പിടിച്ച അഴുക്കും ചെളിയും ഉണ്ടെങ്കിൽ ഉപ്പ് ഉപയോഗിക്കാവുന്നതാണ്. വെള്ളത്തിൽ കുറച്ച് ഉപ്പിട്ടതിന് ശേഷം നന്നായി ഉരച്ച് കഴുകിയാൽ മതി. ഇത് അഴുക്കിനെ നീക്കം ചെയ്യുന്നതിനൊപ്പം പച്ചക്കറികൾ അണുവിമുക്തമാക്കാനും സഹായിക്കുന്നു.

തൊലി കളയാം

തൊലി കളഞ്ഞും എളുപ്പത്തിൽ പച്ചക്കറികൾ വൃത്തിയാക്കാൻ സാധിക്കും. ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികൾ തൊലി കളഞ്ഞ് വൃത്തിയാക്കുന്നതാണ് നല്ലത്. ഇതിന്റെ തൊലി ചെടിക്ക് വളമായും ഉപയോഗിക്കാവുന്നതാണ്.