മഴക്കാലത്താണ് കൊതുക് ശല്യം കൂടുന്നത്. ഇതുമൂലം പലതരം രോഗങ്ങളും പടരുന്നു. പുറത്തുള്ള കൊതുകിനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും വീടിനുള്ളിൽ കൊതുക് കയറുന്നതിനെ തടയാൻ സാധിക്കും.

വീടിന് പുറത്തു മാത്രമല്ല അകത്തും കൊതുകിന്റെ ശല്യം ഉണ്ടാവാറുണ്ട്. പ്രത്യേകിച്ചും മഴക്കാലത്താണ് കൊതുക് ശല്യം കൂടുന്നത്. ഇതുമൂലം പലതരം രോഗങ്ങളും പടരുന്നു. പുറത്തുള്ള കൊതുകിനെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും വീടിനുള്ളിൽ കൊതുക് കയറുന്നതിനെ തടയാൻ സാധിക്കും. വീട്ടിലെ കൊതുക് ശല്യം ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

  1. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ കൊതുക് മുട്ടയിട്ടു പെരുകുന്നു. വളർത്തുമൃഗങ്ങൾക്കുള്ള വെള്ളം, ചെടികളിൽ തങ്ങി നിൽക്കുന്ന വെള്ളം എന്നിവിടങ്ങളിലൊക്കെയും കൊതുക് നിരന്തരമായി വരുന്നു. അതിനാൽ തന്നെ വീടിന്റെ പരിസരത്ത് വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.

2. ജനാലകൾ, വാതിൽ എന്നിവിടങ്ങളിലൂടെയാണ് പുറത്ത് നിന്നും കൊതുകുകൾ അകത്തേയ്ക്ക് കയറുന്നത്. കൊതുക് വല ഇടുന്നതിലൂടെ കൊതുക് വീടിനുള്ളിൽ കയറുന്നതിനെ തടയാൻ സാധിക്കും. അതേസമയം മുറിക്കുള്ളിൽ കൂട്ടി ഇട്ടിരിക്കുന്ന തുണികളിലും കൊതുകുകൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്.

3. കൊതുകിന്റെ ശല്യം ഇല്ലാതാക്കാൻ റിപ്പല്ലന്റുകൾ ഉപയോഗിക്കാവുന്നതാണ്. ലാവണ്ടർ, സിട്രോണെല്ല, യൂക്കാലിപ്റ്റസ് തുടങ്ങിയ സുഗന്ധതൈലങ്ങളും കൊതുകിനെ അകറ്റാൻ നല്ലതാണ്. കൂടാതെ ഇഞ്ചിപ്പുല്ല്, ജമന്തി ചെടി, ബേസിൽ എന്നീ ചെടികളും കൊതുകിനെ അകറ്റി നിർത്താൻ സഹായിക്കുന്നു.

4. വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നതും കൊതുകുകളെ ആകർഷിക്കുന്നു. അതിനാൽ തന്നെ വീടിനുള്ളിലെ ഈർപ്പത്തെ നിയന്ത്രിക്കുന്നതിലൂടെ കൊതുകിനെ അകറ്റി നിർത്താൻ സാധിക്കും.