ചിലർ മാങ്ങ വാങ്ങിയ ഉടൻ ഫ്രിഡ്ജിലേക്ക് മാറ്റുമ്പോൾ, മറ്റുള്ളവർ അടുക്കളയിലെ ഷെൽഫുകളിലാണ് ഇവ സൂക്ഷിക്കാറുള്ളത്.

മധുരമൂറുന്ന മാമ്പഴം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. മാമ്പഴക്കാലം അധികനാൾ നീണ്ടുനിൽക്കാത്തതുകൊണ്ട് തന്നെ പലരും ഒരുമിച്ച് കൂടുതൽ മാങ്ങകൾ വാങ്ങി സൂക്ഷിക്കാറുണ്ട്. എന്നാൽ മാമ്പഴം എങ്ങനെ സൂക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അതിന്റെ രുചിയും ഗുണവും ഉണ്ടാകുന്നത്. ചിലർ മാങ്ങ വാങ്ങിയ ഉടൻ ഫ്രിഡ്ജിലേക്ക് മാറ്റുമ്പോൾ, മറ്റുള്ളവർ അടുക്കളയിലെ ഷെൽഫുകളിലാണ് ഇവ സൂക്ഷിക്കാറുള്ളത്. മാമ്പഴത്തിന്റെ സ്വാദും മധുരവും നഷ്ടപ്പെടാതെ കൂടുതൽ ദിവസം കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്യൂ. എങ്ങനെ സൂക്ഷിക്കണം എന്നത് മാങ്ങയുടെ പാകത്തെ ആശ്രയിച്ചാണ് തീരുമാനിക്കേണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. പച്ചമാങ്ങ

പച്ചമാങ്ങ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. മാങ്ങ സ്വാഭാവികമായി പഴുക്കാൻ ചൂടുള്ള അന്തരീക്ഷം ആവശ്യമാണ്. പച്ചമാങ്ങകൾ ഫ്രിഡ്ജിൽ വെക്കുന്നത് അവ സ്വാഭാവികമായി പഴുക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്തും.

സൂക്ഷിക്കേണ്ട രീതി

അടുക്കളയിലെ തണുപ്പുള്ളതും വായുസഞ്ചാരമുള്ളതുമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക. അവിടെ ഒരു പത്രക്കടലാസോ വൃത്തിയുള്ള തുണിയോ വിരിക്കുക. മാങ്ങകൾ ഒന്നിന് മുകളിൽ ഒന്നായി അടുക്കിവെക്കാതെ പ്രത്യേകം എടുത്തുവെക്കുക. ഇത് മാങ്ങയിൽ കറകളോ ചതവുകളോ വീഴുന്നത് തടയും. മാങ്ങ എല്ലാ ഭാഗവും ഒരുപോലെ പഴുക്കാൻ ദിവസത്തിൽ ഒരിക്കൽ തിരിച്ചിട്ടു കൊടുക്കുക.

2. നന്നായി പഴുത്ത മാങ്ങകൾ

മാങ്ങ തൊടുമ്പോൾ മൃദുവാകുകയും നല്ല സുഗന്ധം വരികയും ചെയ്താൽ അവ പഴുത്തു എന്ന് മനസ്സിലാക്കാം. ഈ ഘട്ടത്തിൽ മാങ്ങകൾ ഫ്രിഡ്ജിലേക്ക് മാറ്റാം. ഇത് മാങ്ങ കൂടുതൽ പഴുത്ത് ചീഞ്ഞുപോകാതെ 5 മുതൽ 7 ദിവസങ്ങൾ വരെ കേടുകൂടാതെ ഇരിക്കാൻ സഹായിക്കും.

സൂക്ഷിക്കേണ്ട രീതി

വായു കടക്കാത്ത പാത്രങ്ങളിൽ ഇവ സൂക്ഷിക്കരുത്. മാങ്ങയ്ക്ക് വായുസഞ്ചാരം ആവശ്യമാണ്. ഫ്രിഡ്ജിലെ പച്ചക്കറികൾ വെക്കുന്ന തട്ടിൽ ഇവ സൂക്ഷിക്കുക. വായുസഞ്ചാരമുള്ള ബാഗുകളിലോ ട്രേകളിലോ വെക്കുന്നതാണ് കൂടുതൽ നല്ലത്.

3. മുറിച്ച വെച്ച മാങ്ങകൾ

മാമ്പഴം മുറിച്ചു വെച്ചാൽ കാറ്റേറ്റ് അതിന്റെ നിറം മാറാനും രുചി വ്യത്യാസപ്പെടാനും സാധ്യതയുണ്ട്.

സൂക്ഷിക്കേണ്ട രീതി

മുറിച്ച കഷണങ്ങൾക്ക് മുകളിൽ അല്പം നാരങ്ങാനീര് തളിക്കുന്നത് നിറം മാറുന്നത് തടയും. അതിനുശേഷം വായുകടക്കാത്ത പാത്രത്തിലോ സിപ്-ലോക്ക് കവറുകളിലോ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

4. മാങ്ങ കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കാൻ ഒരു പേപ്പർ ടവലിൽ സൂക്ഷിക്കാം

മാങ്ങ ചീഞ്ഞുതുടങ്ങുന്നത് സാധാരണയായി അതിന്റെ ഞെട്ടിൽ നിന്നാണ്. കാരണം ഈ ഭാഗത്താണ് ഈർപ്പം കൂടുതൽ ഉണ്ടാകുക. ഇത് തടയാൻ ഒരു എളുപ്പവഴിയുണ്ട്. മാങ്ങയുടെ ഞെട്ടുള്ള ഭാഗം ഒരു പേപ്പർ ടവൽ ഉപയോഗിച്ച് നന്നായി പൊതിയുക. ഇത് അധികമുള്ള ഈർപ്പം വലിച്ചെടുക്കുകയും മാങ്ങ പെട്ടെന്ന് ചീഞ്ഞുപോകുന്നത് തടയുകയും ചെയ്യും. അതിനുശേഷം വായുസഞ്ചാരമുള്ള സ്ഥലത്തോ ഫ്രിഡ്ജിലോ വെക്കാം. ഫ്രിഡ്ജിന് പുറത്താണ് വെക്കുന്നതെങ്കിൽ രണ്ട് ദിവസം കൂടുമ്പോൾ പേപ്പർ ടവൽ മാറ്റി പുതിയത് വെക്കണം.