ഗ്യാസ് സ്റ്റൗവിൽ അധികവും നമ്മൾ ഉപയോഗിക്കാറുള്ളത് സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളാണ്. മറ്റ് രാസപ്രവർത്തനങ്ങളൊന്നും സംഭവിക്കാത്തതുകൊണ്ട് തന്നെ എന്തുതരം ഭക്ഷണവും ഇതിൽ പാകം ചെയ്യാൻ സാധിക്കും.
പാചകം ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. പലതരം വിഭങ്ങൾ ഉണ്ടാക്കി പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത് ഒരു കലയാണ്. എന്നാൽ ഭക്ഷണം ഉണ്ടാക്കാൻ പാത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലതരം മെറ്റീരിയലുകളിൽ പാത്രങ്ങൾ ലഭ്യമാണ്. പാചകത്തിന് പാത്രം തെരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
സ്റ്റീൽ പാത്രങ്ങൾ
ഗ്യാസ് സ്റ്റൗവിൽ അധികവും നമ്മൾ ഉപയോഗിക്കാറുള്ളത് സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളാണ്. മറ്റ് രാസപ്രവർത്തനങ്ങളൊന്നും സംഭവിക്കാത്തതുകൊണ്ട് തന്നെ എന്തുതരം ഭക്ഷണവും ഇതിൽ പാകം ചെയ്യാൻ സാധിക്കും. എത്രകാലം വരെയും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് സ്റ്റീൽ പാത്രങ്ങൾ. കൂടാതെ വൃത്തിയാക്കാനും ഇത് എളുപ്പമാണ്. എന്നാൽ ശരിയായ രീതിയിൽ വേവിച്ചില്ലെങ്കിൽ ഭക്ഷണം ഇതിൽ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്.
അലുമിനിയം പാത്രങ്ങൾ
ഭാരം കുറഞ്ഞ ഈ പാത്രങ്ങൾ പെട്ടെന്ന് ചൂടാവുകയും കൈകാര്യം ചെയ്യാൻ വളരെ എളുപ്പവുമാണ്. അതിനാൽ തന്നെ അലുമിനിയം പാത്രങ്ങളിൽ പാചകം ചെയ്യുന്നതും എളുപ്പം തന്നെ. എന്നാൽ ഇത് ഭക്ഷണ സാധനങ്ങളുമായി പ്രതിപ്രവർത്തനം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ തക്കാളി, പുളി തുടങ്ങി അസിഡിറ്റിയുള്ള ഭക്ഷണ സാധനങ്ങൾ അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്യാൻ സാധിക്കുകയില്ല. കാലക്രമേണ അലുമിനിയം പാത്രങ്ങൾ നശിച്ചുപോവുകയും ചെയ്യുന്നു. പിന്നീടിത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.
കാസ്റ്റ് അയൺ
അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് കാസ്റ്റ് അയൺ പാനുകൾ. ദീർഘകാലത്ത് ഈട് നിൽക്കുന്ന പാത്രങ്ങളാണ് ഇത്. വളരെ സമയമെടുത്താണ് കാസ്റ്റ് അയൺ പാനുകൾ ചൂടാകുന്നത്. ഒരിക്കൽ ചൂടായാൽ ദീർഘനേരം ചൂട് തങ്ങിനിൽക്കുകയും ചെയ്യും. അതേസമയം ഇടയ്ക്കിടെ എണ്ണ പുരട്ടുന്നത് പാൻ തുരുമ്പെടുക്കുന്നതിനെ തടയുന്നു.
നോൺ സ്റ്റിക് കുക്ക് വെയർ
ചുരുങ്ങിയ സമയംകൊണ്ട് തന്നെ അടുക്കളയിൽ ഇടംപിടിച്ച ഒന്നാണ് നോൺ സ്റ്റിക് പാനുകൾ. വളരെ കുറച്ച് എണ്ണ മാത്രമാണ് നോൺ സ്റ്റിക് പാനിൽ പാചകം ചെയ്യാൻ ആവശ്യം. എന്നാൽ അമിതമായ ചൂടിൽ പാചകം ചെയ്യുന്നതിന് പരിമിതികൾ ഉണ്ട്. അമിതമായി ചൂടാക്കുമ്പോൾ ടെഫ്ലോൺ കോട്ടിങിൽ നിന്നും വിഷവാതകങ്ങൾ പുറന്തള്ളാൻ സാധ്യതയുണ്ട്.


